ഇന്‍റലിജൻസ് ബ്യൂറോ ഓഫീസർ അങ്കിത് ശർമയെ കൊന്നത് മുൻസിപ്പൽ കൗൺസിലറും ആം ആദ്മി പാർട്ടി നേതാവുമായ താഹിർ ഹുസൈൻ ആണെന്ന് കപിൽ മിശ്ര ആരോപിച്ചു. വടക്കു കിഴക്കൻ ഡൽഹിയിലെ ചന്ദ് ബാഗ് മേഖലയിൽ നിന്നാണ് കഴിഞ്ഞദിവസം അങ്കിത് ശർമയുടെ മൃതദേഹം ലഭിച്ചത്.
അതേസമയം, താഹിർ ഹുസൈന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി അടുത്ത ബന്ധമുണ്ടെന്നും കപിൽ മിശ്ര ആരോപിച്ചു. ട്വിറ്ററിലാണ് ഹുസൈനെതിരെ കപിൽ മിശ്ര ഗുരുതര ആരോപണം ഉന്നയിച്ചത്.
advertisement
"താഹിർ ഹുസൈൻ ആണ് കൊലയാളി. അങ്കിത് ശർമയെ മാത്രമല്ല മറ്റ് നാലുപേരെ കൂടി താഹിർ ഹുസൈൻ കൊണ്ടു പോയിട്ടുണ്ട്. ഇവരിൽ മൂന്നു പേരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വടികളും കല്ലുകളും പെട്രോൾ ബോംബുകളും ബുള്ളറ്റുകളും കൈയിലേന്തിയിട്ടുള്ള മുഖം മറച്ച യുവാക്കൾക്ക് ഒപ്പം താഹിർ ഹുസൈനെയും വീഡിയോയിൽ കാണാം. കെജ്രിവാളുമായും എ എ പി നേതാക്കളുമായും താഹിർ ഹുസൈൻ നിരന്തരം ബന്ധപ്പെടുന്നുണ്ട്" - ട്വീറ്റിൽ കപിൽ മിശ്ര കുറിച്ചു.
അതേസമയം, ജോലി കഴിഞ്ഞ തിരിച്ചു വരുന്ന സമയത്താണ് തന്‍റെ മകനു നേരെ ആക്രമണം ഉണ്ടായതെന്ന് അങ്കിത് ശർമയുടെ പിതാവ് പറഞ്ഞു. ഡൽഹി കലാപത്തിൽ ഇതുവരെ ഒരു പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 34 പേരാണ് മരിച്ചത്. 200ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.