ഭര്‍ത്താവിന് ഭാര്യയുടെ കാമുകനെ കോടതി കയറ്റാനുള്ള വകുപ്പാണ് ഐ.പി.സി 497 എന്നും കോടതി നിരീക്ഷിച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണ്. പുരുഷനും സ്ത്രീയ്ക്കും തുല്യമായ അവകാശമാണുള്ളതെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാകുന്ന ഐ.പി.സി 497 സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചു. 497 ഏകപക്ഷീയമായ വകുപ്പാണെന്നു നിരീക്ഷിച്ച കോടതി സമത്വം അടിസ്ഥാന തത്വമാണെന്നും വ്യക്തമാക്കി.
advertisement
ഐ.പി.സി 497 പ്രകാരം ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പുരുഷനെതിരെ കോടതിയെ സമീപിക്കാന്‍ ഭര്‍ത്താവിന് അവകാശം നല്‍കുന്നു. എന്നാല്‍ വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടയാളുടെ ഭാര്യയ്ക്ക് മറ്റൊരു സ്ത്രീയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനാകില്ല. കൂടാതെ വിവാഹേതര ബന്ധത്തിന്റെ പേരില്‍ സ്വന്തം ഭര്‍ത്താവിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അവകാശം ഭാര്യയ്ക്ക് ഉറപ്പാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹേതര ബന്ധം ക്രിമനല്‍ കുറ്റമല്ല. അതുകൊണ്ടുതന്നെ ഇതിനുള്ള പരിഹാരം വിവാഹമോചനമാണ്. അല്ലാതെ അഞ്ചു വര്‍ഷത്തേക്ക് ഒരാളെ ജയിലില്‍ അടയ്ക്കുന്നത് സാമാന്യബുദ്ധിക്കു നിരക്കുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ പറഞ്ഞു.