ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരമാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഒരു കാർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ
ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം .
ഈ സംഭവം പ്രദേശത്ത് പരിഭ്രാന്തി പരത്തി. തീ സമീപത്തുണ്ടായിരുന്ന മൂന്ന് മുതൽ നാല് വാഹനങ്ങളിലേക്ക് പടർന്നതായി ഡൽഹി ഫയർ സർവീസസ് (ഡി.എഫ്.എസ്.) അറിയിച്ചു.
വൈകുന്നേരം 6:55 ഓടെയാണ് സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഉടൻ തന്നെ ഏഴ് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീ നിയന്ത്രണത്തിലാക്കി. സംഭവത്തിൽ നിരവധി വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചെങ്കിലും, ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഡി.എഫ്.എസ്. സിഎൻഎൻ-ന്യൂസ് 18-നോട് സ്ഥിരീകരിച്ചു.
ദിവസങ്ങൾക്ക് മുമ്പാണ് ഡൽഹിക്ക് സമീപം ഫരീദാബാദിൽ നിന്ന് കാറിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. കേസിൽ രണ്ട് ഡോക്ടർമാർ പിടിയിലായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഡൽഹിയിൽ സ്ഫോടനമുണ്ടായത്.