ആസാമിലെ കോക്രാഝര്‍ ജില്ലാ കോടതിയിലെത്തിയാണ് അമിത് ചക്രബര്‍ത്തി ജാമ്യം നേടിയത്. ധേക്കിയജുലിയില്‍ നിന്ന് കോക്രഝറിലേക്ക് 200 കിലോമീറ്റര്‍ ദൂരമുണ്ട്.
കേസിനാസ്പദമായ സംഭവം
2023ല്‍ വര്‍ണാലി ദേക്ക പങ്കുവെച്ച ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ 'ഇന്ന് മേക്ക്അപ് ഒന്നും ഇല്ലേ മാഡം' എന്ന് നരേഷ് ബറുവ കമന്റ് ചെയ്തിരുന്നു. ഈ കമന്റിന് അമിത് ചക്രബര്‍ത്തി ചിരിക്കുന്ന ഇമോജിയിട്ട് പ്രതികരിക്കുകയായിരുന്നു.
'ഇതിന് എന്താണ് നിങ്ങളുടെ പ്രശ്‌നമെന്ന്' വര്‍ണാലി ദേക്ക മറുപടിയായി ചോദിച്ചു. വൈകാതെ തന്നെ കോക്രഝാര്‍ പോലീസ് സ്‌റ്റേഷനില്‍ മൂന്നുപേര്‍ക്കുമെതിരേ അവര്‍ പരാതി നല്‍കുകയായിരുന്നു.
advertisement
പരാതിയും നിയമനടപടിയും
നടപടിക്രമങ്ങളുടെ ഭാഗമായി ധേക്കയും പ്രതികളും തമ്മിലുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് കോടതിയില്‍ ഹാജരാക്കി. "ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354ഡി പ്രകാരം സൈബര്‍ ആക്രമണം നടത്തുമ്പോഴുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുക. അത് പ്രകാരം നിങ്ങള്‍ കുറ്റക്കാരാണ്. ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയാണ്. എന്നെ പിന്തുടരുന്നതിന് പകരം നിങ്ങള്‍ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക," ദേക്ക പറഞ്ഞു.
ചക്രബര്‍ത്തിയെ ടാഗ് ചെയ്തുകൊണ്ടുള്ള മറ്റൊരു പോസ്റ്റില്‍ "ഇത് അപമാനിക്കുന്നതും ലൈംഗിക പരാമര്‍ശവുമാണ്. സെക്ഷന്‍ 354A എന്താണെന്ന് പരിശോധിക്കുക. ഞാന്‍ നിങ്ങള്‍ക്കെതിരേയും പരാതി നല്‍കും. മറ്റേയാളെ പിന്തുണച്ചതിന് നിങ്ങളും കുറ്റക്കാരനാണ്," അവര്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ജനുവരിയില്‍ ചക്രബര്‍ത്തിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
"പോലീസ് ഉദ്യോഗസ്ഥനോട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം എന്നോട് ഒന്നും പറഞ്ഞില്ല. അതിന് ശേഷം എന്റെ സുഹൃത്തായ ഒരു അഭിഭാഷന്റെ സഹായത്തോടെ കേസിനെക്കുറിച്ച് വ്യക്തമായി അറിയാന്‍ കഴിഞ്ഞു. ഇത്രയും നിസ്സാരമായ ഒരു കാര്യത്തില്‍ ഇത്രയും കടുത്ത നടപടിയെടുക്കാന്‍ ഒരു ഐഎസ് ഉദ്യോഗസ്ഥ എങ്ങനെ സമയം കണ്ടെത്തിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു. ചിരിച്ചതിന് എനിക്ക് ജാമ്യം എടുക്കേണ്ടി വന്നു. വര്‍ണാലി ദേക്ക ഒരു ഐഎഎസ് ഉദ്യോഗസ്ഥയോ ഡെപ്യൂട്ടി കമ്മിഷണറോ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു," ചക്രബര്‍ത്തി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. "എന്റെ പ്രതികരണത്തിന്റെ പേരില്‍, ഫെയ്‌സ്ബുക്കില്‍ ചിരിക്കുന്ന ഒരു ഇമോജിയുടെ പേരില്‍ ഞാന്‍ ഉപദ്രവിക്കപ്പെട്ടു. നരേഷ് ബറുവയുടെ ഒരു പോസ്റ്റിനോട് മാത്രമാണ് ഞാന്‍ പ്രതികരിച്ചത്. കേസ് സംബന്ധിച്ച് മറ്റൊന്നും എനിക്ക് ഓർമയില്ല," ചക്രബര്‍ത്തി പറഞ്ഞു.