തനിക്ക് പാകിസ്താനിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ കുറിച്ച് അൻസാരി മന്ത്രിയോട് വിവരിച്ചു. അമ്മക്കും കുടുംബാംഗങ്ങൾക്കും ഒപ്പമെത്തിയ അൻസാരി തന്റെ മോചനം സാധ്യമാക്കിയ മന്ത്രി സുഷമാസ്വരാജിനോട് നന്ദി പറഞ്ഞു. പ്രണയിനിയെ തേടി പാകിസ്താനിലേക്ക് പോയ അൻസാരിയെ ചാരവൃത്തി ആരോപിച്ച് പാകിസ്താൻ ജയിലിൽ അടയ്ക്കുകയായിരുന്നു. 2012 നവംബർ 12നാണ് അൻസാരി പാകിസ്താനിൽ കടക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ നേരിൽക്കാണാൻ പാകിസ്താനിലെത്തിയ അൻസാരിയെ വ്യാജ പാകിസ്താനി തിരിച്ചറിയൽ കാർഡ് കൈവശം വച്ചതിന് 2015ൽ മൂന്നു വർഷത്തേക്ക് തടവു ശിക്ഷിച്ചു. അൻസാരിക്കു മേൽ ചാരവൃത്തിയടക്കമുള്ള കേസുകൾ ചുമത്തിയാണ് തടവിന് വിധിച്ചത്. മൂന്നു വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞുവെങ്കിലും ആറു വർഷം ജയിൽ തുടരേണ്ടി വന്നു. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിൽ നിന്നുള്ള നിരന്തരമായ സമ്മർദങ്ങളെ തുടർന്നാണ് അൻസാരിയുടെ മോചനം സാധ്യമായതെന്നാണ് അധികൃതർ പറയുന്നത്.
advertisement
അട്ടാരി-വാഗ അതിർത്തിയിലെത്തിയ അൻസാരിയെ മാതാവ് ഫൗസിയയും പിതാവ് നിഹാലും സഹോദരനും ചേർന്ന് സ്വീകരിച്ചു. തൻറെ സന്തോഷം തുറന്നുപറയാൻ വാക്കുകൾ കിട്ടുന്നില്ലെന്നായിരുന്നു ഫൗസിയ പ്രതികരിച്ചത്. തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പുതിയ പ്രഭാതമാണെന്നായിരുന്നു അൻസാരിയുടെ പിതാവ് നിഹാൽ പ്രതികരിച്ചത്. ജയിൽവാസം ഡിസംബർ 15ന് അവസാനിച്ചെങ്കിലും രേഖകൾ തയാറാകാത്തതിനാൽ ഇന്ത്യയിലേക്കുള്ള മടക്കം വൈകി. ഒരുമാസത്തിനകം അൻസാരിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് പെഷവാർ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു.
