ട്വീറ്റ് സ്ത്രീ വിരുദ്ധമാണെന്ന് നിരീക്ഷിച്ച വനിതാ കമ്മീഷൻ വിവേകിനോട് വിശദീകരണം ചോദിച്ചു. വിവേകിന്റെ പോസ്റ്റ് നിന്ദ്യവും അധാർമികവും സ്ത്രീവിരുദ്ധവുമാണെന്ന് വനിതാ കമ്മീഷൻ നോട്ടീസിൽ പറയുന്നു. ഇതിനൊപ്പം ട്വിറ്റർ പോസ്റ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ (ഐശ്വര്യയുടെ മകൾ) ചിത്രം ഉപയോഗിച്ചതും കമ്മീഷൻ എടുത്തുകാട്ടുന്നു. സോഷ്യൽമീഡിയയിലും അപമാനിക്കപ്പെട്ട വ്യക്തിയോടും വിവേക് ഒബ്റോയി ഖേദപ്രകടനം നടത്തണമെന്ന് ചെയർപേഴ്സൺ രേഖ ശർമ പറഞ്ഞു. ഇതിന് തയാറല്ലെങ്കിൽ നിയമനടപടിയെടുക്കും. ട്വീറ്റ് നീക്കം ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെടുമെന്നും രേഖ ശർമ പറഞ്ഞു. റിലീസിനൊരുങ്ങുന്ന 'പി എം നരേന്ദ്രമോദി' സിനിമയുടെ പ്രചാരണത്തിന്റെ തിരക്കിലാണ് നടൻ വിവേക് ഒബ്റോയി.
advertisement
ബോളിവുഡ് താരം സോനം കപൂറും കായികതാരം ജ്വാല ഗുട്ടയും വിവേകിനെതിരെ ശക്തമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. 'തീർത്തും അരോചകം' എന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. ഇത്തരമൊരു ട്വീറ്റ് പങ്കുവയ്ക്കുന്നത് എന്തൊരു അസംബന്ധമാണെന്നും താരത്തിന്റെ അവസ്ഥയിൽ നിരാശയുണ്ടെന്നും ജ്വാല ഗുട്ട ട്വിറ്ററിൽ കുറിച്ചു. ഒട്ടും വിവേകമില്ലാത്ത ഒരാൾക്ക് ആരാണ് വിവേക് എന്നു പേരിട്ടതെന്നും താരത്തെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ നിറഞ്ഞിരിക്കുകയാണ്.