ആദ്യം ലഭിച്ചത് ഒരു നമ്പര്‍. പേര് ദീപക്. മുനമ്പത്തു നിന്ന് മടങ്ങി ഡല്‍ഹിയിലേക്ക് വരുന്ന യുവാവ്. വിളിച്ചപ്പോള്‍ പദ്ധതിയുടെ ഏകദേശ രൂപരേഖ വെളിപ്പെടുത്തി. എല്ലാ രേഖകളും ഉണ്ട്. അടുത്ത ദിവസം രാവിലെ അംബേദ്കര്‍ നഗര്‍ കോളനിയിലെ 203ആം നമ്പര്‍ വസതിയില്‍ എത്തിയാല്‍ രേഖകള്‍ നല്‍കാം. ക്യാമറയ്ക്ക് മുന്നില്‍ സംസാരിക്കാം. ദീപകിനെ കാണാന്‍ ഞങ്ങള്‍ 7 മണിക്ക് വീട്ടില്‍ എത്തിയപ്പോള്‍ സ്ഥലത്തില്ലെന്നു മറുപടി. ഫോണ് സ്വിച്ച്ഡ് ഓഫ്!
ദീപകിനെ ആര്‍ക്കും അറിയില്ല. വിവരങ്ങള്‍ പലര്‍ക്കും അറിയാമെന്നു തോന്നിയെങ്കിലും ആരും തുറന്നു പറയാന്‍ തയ്യാര്‍ അല്ല. ആരെയോ ഭയക്കുന്നത് പോലെ. വാട്‌സ്ആപ് പ്രൊഫൈല്‍ ചിത്രം കാണിച്ചപ്പോള്‍ അയല്‍വാസികളില്‍ ചിലര്‍ പറഞ്ഞു ഇത് ദീപക് അല്ല. സുന്ദരലിംഗമാണെന്ന്. ഞങ്ങളുടെ അന്വേഷണം അങ്ങനെ സുന്ദരത്തിലേക്കായി. ക്രിമിനല്‍ പശ്ചാത്തലമുള്ളതുമായ പ്രദേശമായതിനാല്‍ ശ്രദ്ധയോടെയായിരുന്നു നീക്കം. ഭാര്യ സരസ്വതിയുടെ നിയന്ത്രണത്തിലുള്ള കറുപ്പ് സ്വാമി കോവിലില്‍ ഞങ്ങള്‍ എത്തി.
advertisement
Also Read മുനമ്പം മനുഷ്യക്കടത്തിലെ സൂത്രധാരന്‍മാരെ തിരിച്ചറിഞ്ഞു
സുന്ദര ലിംഗം മധുരയില്‍ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയെന്നാണ് മറുപടി. സരസ്വതിയും സഹോദരിയും മക്കളും ബന്ധുക്കളും വിദേശത്തേക്ക് പോയ കാര്യം സ്ഥിരീകരിച്ചു. വിലക്കിയിട്ടും മക്കള്‍ പോയതിലുള്ള സങ്കടവും ഇരുവരും പങ്കുവച്ചു. പിന്നീട് അയല്‍വാസികളോട് അന്വേഷിച്ചപ്പോഴാണ് ദീപക് തന്നെയാണ് പ്രഭുവെന്ന് വ്യക്തമായത്. പ്രഭുവിന്റെ അമ്മയാണ് സംസാരിച്ചതെന്നും അപ്പോഴാണ് വ്യക്തമായത്. വാട്‌സ് ആപ്പില്‍ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചിരുന്നത് വല്യച്ചന്‍ സുന്ദര്‍ ലിംഗം പ്രഭുവിന്റെ ഫോട്ടോ.
രണ്ടു ദിവസമായി ന്യൂസ് 18ന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലെ പ്രഭുവിന്റെ വെളിപ്പെടുത്തലുകള്‍ കേസില്‍ വഴിത്തിരിവ് ആകുന്നതിനിടെയാണ് പൊലീസ് പ്രഭുവിനെ അറസ്റ്റ് ചെയ്തത്. കൂട്ടുപങ്കാളികള്‍ ഇപ്പോഴും രാജ്യ തലസ്ഥാനത്തുണ്ട്. ഡല്‍ഹി പൊലീസിന്റെ കണ്‍മുന്നില്‍ തന്നെ.

