'ഇതുപോലുള്ള സമയത്ത് ഇന്ത്യയെ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുന്ന ചൈനീസ് കമ്പനികൾക്ക് ഭരണകൂടം പ്രതിബന്ധം തീർക്കേണ്ടത് അനിവാര്യമാണെന്ന് വിശ്വസിക്കുന്നു'- കത്തിൽ പറയുന്നു. സുഗമമായി ഇന്ത്യക്കാരുടെ ഡാറ്റാ വിവരങ്ങൾ കൈവശപ്പെടുത്തുന്നതിൽ നിന്ന് ചൈനീസ് കമ്പനികളെ തടയണമെന്നും സ്വദേശി ജാഗരൺ മഞ്ച് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലെ ഉള്ളടക്കത്തിൽ വിശ്വാസ്യതയും സുതാര്യതയും സുരക്ഷയും കൊണ്ടുവരണമെന്നതാണ് രാജ്യത്തിന്റെ നയം. യുവാക്കൾക്കും കൗമാരക്കാർക്കുമിടയിൽ ഏറെ പ്രീതിയാർജിച്ച ആപ്പാണ് ടിക് ടോക്. ഇതിന്റെ 50 കോടി ഉപഭോക്താക്കളിൽ 20 കോടിയും ഇന്ത്യയിലാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ചൈനീസ് സോഷ്യൽമീഡിയ ആപ്പുകളുടെയും ഓൺലൈൻ വ്യാപാര കമ്പനികളുടെ തള്ളിക്കയറ്റമാണ് കാണാൻ സാധിക്കുന്നത്. ഇത് സുരക്ഷാ ഭീഷണി ഉയർത്തുന്നുവെന്നാണ് സ്വദേശി ജാഗരൺ മഞ്ച് ആരോപിക്കുന്നത്. ടിക് ടോക്, ഹെലോ തുടങ്ങിയ ആപ്ലിക്കേഷനുകൾ ചൈൽഡ് പോണോഗ്രഫിക്കും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുവെന്നും അവർ ആരോപിക്കുന്നു.
advertisement
അതേസമയം രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ടിക്ടോക്, ഹെലോ ആപ്ലിക്കേഷനുകളുടെ ഉടമസ്ഥരായ ബൈറ്റ് ഡാൻസ് കമ്പനി വ്യക്തമാക്കി. ചില വിഭാഗങ്ങൾ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അധികൃതർ പറയുന്നു. ഹ്യുവായ്, ZTE തുടങ്ങിയ ടെലിഫോൺ കമ്പനികൾക്കെതിരെയും സ്വദേശി ജാഗരൺ മഞ്ച് വിമർശനം ഉന്നയിക്കുന്നു. ഇനി 5G കരാർ കൂടി സ്വന്തമാക്കുന്നത് സുരക്ഷാ ഭീഷണി ഉണ്ടാക്കുമെന്നും അവർ പറയുന്നു. ശത്രുരാജ്യങ്ങളുടെ കമ്പനികൾക്ക് സഹായം ഒരുക്കുന്നത് അവസാനിപ്പിക്കണം. ചൈനയിൽ നിന്നുള്ള ടെലിഫോൺ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കണമെന്നും സ്വദേശി ജാഗരൺ മഞ്ച് ആവശ്യപ്പെടുന്നു.