ഓഗസ്റ്റ് 28, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30-നാണ് കെട്ടിടങ്ങൾ പൊളിക്കുന്നത്. പത്ത് സെക്കൻഡിനുള്ളിൽ ഇരുകെട്ടിടങ്ങളും നിലംപതിക്കും. തൊട്ടടുത്തുള്ള എമറാൾഡ് കോർട്ടിലെയും എടിഎസ് വില്ലേജുകളിലെയും താമസക്കാരെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മാറ്റിത്താമസിപ്പിക്കും.
ഇംപ്ലോനും എക്സ്പ്ലോഷനും
പുറത്തേക്കുള്ള പൊട്ടിത്തെറിയെ എസ്‌പ്ലോഷന്‍ എന്ന് പറയുമ്പോള്‍ ഉള്ളിലേക്കുള്ള പൊട്ടിത്തെറിയെയാണ് ഇംപ്ലോഷന്‍ എന്ന് പറയുന്നത്. ഇംപ്ലോഷൻ വഴിയാണ് അപെക്‌സും സെയാനെയും പൊളിച്ചു നീക്കുക. മരടിലെ ഫ്ളാറ്റുകൾ പൊളിച്ചതും ഇതേ രീതിയിലൂടെയാണ്. ദക്ഷിണാഫ്രിക്കയിലെ ജെറ്റ് ഡെമോളിഷനുമായി സഹകരിച്ച്, എഡിഫൈസ് എഞ്ചിനീയറിംഗ് ടീം ഇരു കെട്ടിടങ്ങളിലും 10,000 ദ്വാരങ്ങൾ തുരന്നിട്ടുണ്ട്. 9,000-ലധികം ദ്വാരങ്ങളിലായി 3,700 കിലോഗ്രാം സ്ഫോടകവസ്തുക്കൾ നിറച്ചിട്ടുമുണ്ട്. സെക്കന്‍ഡുകള്‍ കൊണ്ട് കെട്ടിടങ്ങള്‍ തകര്‍ക്കുന്ന നിയന്ത്രിത സ്ഫോടനം പരിസരത്തെ കെട്ടിടങ്ങള്‍ക്കും വസ്തുക്കള്‍ക്കും കേടുപാടുകള്‍ വരാത്ത വിധമാണ് നടപ്പിലാക്കുന്നത്.
advertisement
''ഇംപ്ലോഷനാണ് ഈ കെട്ടിടങ്ങൾ പൊളിക്കാൻ ഏറ്റവും അനുയോജ്യമായ രീതിയെന്ന് സ്ഥലം സന്ദർശിച്ചപ്പോൾ ഞങ്ങൾക്ക് മനസിലായി. ഡയമണ്ട് കട്ടിങ്ങ് എന്ന മറ്റൊരു സാങ്കേതികവിദ്യ ഉപയോഗിക്കാമായിരുന്നു. പക്ഷേ ക്രെയിനുകൾ ഉപയോഗിച്ച് ഓരോ നിരയും മതിലും ബീമും സാവധാനം വെട്ടിമാറ്റേണ്ടതിനാൽ ഇതിന് രണ്ട് വർഷമെടുക്കും. സ്ഫോടനത്തേക്കാൾ അഞ്ചിരട്ടിയിലധികം ചിലവും വരുമായിരുന്നു'', എഡിഫൈസ് എഞ്ചിനീയറിംങ്ങിന്റെ സ്ഥാപകരിലൊരാളായ ഉത്കർഷ് മേത്ത പറഞ്ഞു. ''മറ്റൊരു സാധ്യത റോബോട്ടിക്‌സ് ആയിരുന്നു. പക്ഷേ അത് വളരെയധികം ശബ്ദം ഉണ്ടാക്കും. സമീപത്ത് ധാരാളം അയൽവാസികളുണ്ട്. പൊളിക്കൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കൊച്ചിയിലെ ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച മുൻപരിചയവും ഞങ്ങൾക്കുണ്ട്", മേത്ത കൂട്ടിച്ചേർത്തു.
അവശിഷ്ടങ്ങൾ
32 നിലകളുള്ള അപെക്‌സും 29 നിലകളുള്ള സെയാനും പൊളിക്കുമ്പോൾ ഏകദേശം 42,000 ക്യുബിക് മീറ്റർ അവശിഷ്ടങ്ങൾ ഉണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്. ഇതിൽ ഭൂരിഭാഗവും ഈ സ്ഥലത്തു നിന്നും നീക്കം ചെയ്ത് നഗരത്തിലെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് തള്ളുമെന്നും ബാക്കിയുള്ളവ ബേസ്‌മെന്റ് ഏരിയയിൽ തന്നെ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന പൊടിപടലങ്ങൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ മായുമെന്നും പൊളിച്ചുനീക്കുന്ന എഡിഫൈസ് എഞ്ചിനീയറിങ്ങ് അറിയിച്ചിട്ടുണ്ട്. 4000 ടൺ ഇരുമ്പും അവശിഷ്ടങ്ങളുടെ കൂടെ ഉണ്ടാകും. എഡിഫൈസ് അതു വിറ്റാണ് ചെലവ് വീണ്ടെടുക്കുക. മാലിന്യം നീക്കം ചെയ്യാൻ 90 ദിവസമെടുക്കും എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.