നിലയില്ലാതെ കണ്ണീര്‍. പകലും രാത്രിയും നീളുന്ന പ്രാര്‍ത്ഥനകള്‍. ഡൽഹിയിലെ അംബേദ്കർ കോളനിയിലെ കസ്തൂരിയെന്ന അന്‍പതുകാരിയുടെ ജീവിതം നാലു മാസമായി ഇങ്ങനെയാണ്. രണ്ടു മക്കളും അവരുടെ ഭാര്യമാരും പിഞ്ചു കുട്ടികളും അംബേദ്കര്‍ നഗറിലെ വീട് വിട്ടിട്ട് 140ലധികം ദിവസങ്ങളായി. വിദേശത്തേക്ക് കടക്കാന്‍ മുനമ്പത്ത് നിന്ന് ബോട്ടില്‍ പോയ ഇവര്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് മാത്രം അറിഞ്ഞാല്‍ മതി കസ്തൂരിക്ക് ഇപ്പോള്‍.
advertisement
മക്കളെയോര്‍ത്തു മദ്യപിച്ചു മാനസികനില തെറ്റിയ കസ്തൂരിയുടെ ഭര്‍ത്താവ് ശിവജ്ഞാനം വീട്ടിലേക്ക് വന്നിട്ടും നാളുകൾ ഏറെയായി. ഇതുപോലെ മക്കളെയും കുടുംബാംഗങ്ങളെയും പറ്റി യാതൊരു വിവരവുമില്ലാതെ തീ തിന്ന് ജീവിക്കുകയാണ് അംബേദ്കര്‍ നഗര്‍ കോളനിയിലെ അമ്പതിലധികം കുടുംബങ്ങള്‍.
വിദേശത്തേക്ക് കടക്കാനുള്ള ദുരാര്‍ത്തികൊണ്ടാണ് മക്കള്‍ ചതിക്കുഴിയില്‍ ചാടിയതെന്ന് അമ്മമാര്‍ കുറ്റപ്പെടുത്തുന്നു. വിദേശ നമ്പറുകളില്‍ നിന്ന് ചില കുടുംബങ്ങള്‍ക്ക് മിസ് കോള്‍ ലഭിച്ചിരുന്നു. എന്നാൽ, തിരിച്ചു വിളിക്കുമ്പോള്‍ കോള്‍ പോകുന്നില്ല. മനുഷ്യാവകാശ കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും നിരവധി പരാതികള്‍ നല്‍കിയെങ്കിലും മറുപടിയില്ല. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കാണാനും കൂട്ടത്തോടെ കേരളത്തില്‍ വന്നു സംസ്ഥാന സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിക്കാനുമാണ് ഇപ്പോള്‍ ഇവരുടെ ആലോചന.