ഭരണഘടനയുടെ 25ആം അനുച്ഛേദ പ്രകാരമുള്ള അവകാശമാണ് കേസില്‍ പ്രധാനമെന്ന് പരാശരന്‍ വാദിച്ചു. ഭരണഘടനയുടെ 15ആം അനുച്ഛേദ പ്രകാരം മതേതര സ്ഥാപനങ്ങള്‍ തുറന്നു കൊടുത്തു. എന്നാല്‍ മതപരമായ പൊതു സ്ഥാപനങ്ങള്‍ അതില്‍ ഉള്‍പ്പെടില്ലെന്ന് പരാശരന്‍ സൂചിപ്പിച്ചു. 15ആം അനുച്ഛേദ പ്രകാരം ക്ഷേത്ര ആചാരം റദ്ധാക്കിയത് ഗുരുതര പിഴവെന്ന് പരാശരന്‍ ചൂണ്ടിക്കാണിച്ചു.
advertisement
ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടുവെന്ന് പരാശരൻ പറഞ്ഞു. അത് ഗുരുതര പിഴവ് ആണ്. മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്ന് ബിജോയ് ഇമ്മാനുവല്‍ കേസില്‍ സുപ്രീംകോടതി വിധിച്ചതാണെന്നു പരാശരന്‍ ചൂണ്ടിക്കാണിച്ചു. ആചാരങ്ങള്‍ അത്രമേല്‍ അസംബന്ധം ആയാല്‍ മാത്രമേ കോടതി ഇടപെടാറുള്ളുവെന്ന് യഹോവ കേസില്‍ കോടതി പറഞ്ഞിട്ടുണ്ട്. യുവതികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് തൊട്ടുകൂടായ്മ അല്ല. തൊട്ടു കൂടായ്മ എന്നത് കുറ്റമാണ്. എന്നാല്‍ എന്താണ് തൊട്ടുകൂടായ്മ എന്നു കൃത്യമായി നിര്‍വചിക്കണം. മത സ്ഥാപനങ്ങള്‍ക്ക് വിവേചന അധികാരം വെച്ച് വിശ്വാസം ഹനിക്കപ്പെടരുതെന്നും പരാശരൻ വാദിച്ചു.
തൊട്ടുകൂടായ്മയെ വിധിയില്‍ നിര്‍വചിച്ച രീതി ഹിന്ദു ആരാധനാലായങ്ങള്‍ക്ക് മാത്രമേ ബാധകമാകൂവെന്ന് പരാശരൻ വാദിച്ചു. ഭരണഘടനയുടെ 25 (2) (ബി) പ്രകാരം ഇത് ഉഭയകക്ഷി തർക്കമല്ല, മാറ്റ് മതങ്ങളിലും പ്രത്യാഘാതം ഉണ്ടാക്കും. പട്ടിക ജാതി സ്ത്രീകള്‍ക്ക് മാത്രമാണ് വിലക്ക് എങ്കില്‍ അത് വിവേചനമാണ്. പക്ഷെ അവര്‍ക്ക് മാത്രമല്ല വിവേചനം. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം കാരണമാണ് നിയന്ത്രണമെന്നും പരാശരൻ ചൂണ്ടിക്കാണിച്ചു. താന്‍ ഇതുവരെ ഹാജരായ മൂന്നു പുനപരിശോധന ഹര്‍ജികള്‍ എല്ലാം കോടതി സ്വീകരിച്ചിട്ടുണ്ട്. ഇതും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നു പറഞ്ഞുകൊണ്ടാണ് പരാശരന്‍ വാദം അവസാനിപ്പിച്ചത്.
