കൊച്ചിയിൽ നിന്നുള്ള ആറ് വിമാന സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഷാർജ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള കൊച്ചി സർവീസുകളും മുടങ്ങിയിരുന്നു.
കരിപ്പൂരിൽ നിന്നുള്ള മൂന്ന് എയർ ഇന്ത്യ സർവീസുകളും ഇന്നലെ റദ്ദാക്കി. റാസൽഖൈമ, മസ്ക്കറ്റ്, ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിരുന്നു. റദ്ദാക്കൽ രണ്ട് ദിവസം കൂടി തുടരുമെന്നാണ് വിവരം.
അതേസമയം തിരുവനന്തപുരത്തും കണ്ണൂരും സർവീസുകൾ മുടങ്ങിയില്ല. ജീവനക്കാരുടെ സമരം പിൻവലിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും സർവീസുകൾ തുടരെത്തുടരെ റദ്ദാക്കുന്നത് യാത്രക്കാർക്കിക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.
advertisement
പണിമുടക്കിയ ജീവനക്കാർ തിരിച്ചെത്തുന്ന മുറയ്ക്ക് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. ജീവനക്കാർ ജോലിയിൽ മടങ്ങിയെത്തി തുടങ്ങിയെങ്കിലും ക്യാബിൻ ക്രൂവിന് ജോലി പുനരാരംഭിക്കാൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. ഇതിന്റെ നടപടികൾ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ സമരം ഒത്തുതീർപ്പിലെത്തിയത്. ഡൽഹിയിൽ ചീഫ് ലേബർ കമ്മീഷണറുടെ (സെൻട്രൽ) സാന്നിധ്യത്തിൽ ജീവനക്കാരുടെ സംഘടനയും എയർ ഇന്ത്യ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. ധാരണപ്രകാരം 30 ജീവനക്കാരെ പിരിച്ചുവിട്ട നടപടിയും റദ്ദാക്കിയിരുന്നു.