1967 മുതൽ 2006 വരെയുള്ള കാലഘട്ടത്തിനിടയിൽ ഒരു തവണ സി.പി.ഐയുടെ പി.എസ് ശ്രീനിവാസൻ ഇവിടെനിന്ന് വിജയിച്ചിരുന്നു. 1977 മുതൽ 80 വരെ ആയിരുന്നു അത്. 1957ൽ മണ്ഡലം രൂപീകരിക്കപ്പെട്ടതിനു ശേഷം 2019ൽ എത്തി നിൽക്കുമ്പോൾ 38 വർഷം മണ്ഡലത്തിന്‍റെ പ്രതിനിധി ആയിരുന്നു ഗൗരിയമ്മ.
അരൂരുകാരുടെ കുഞ്ഞമ്മ
1965ൽ അരൂരിൽ സി.പി.എം സ്ഥാനാർത്ഥിയായാണ് കെ.ആർ ഗൗരിയമ്മയുടെ ആദ്യജയം. വയലാർ രവിയുടെ അമ്മ ദേവകി കൃഷ്ണനെ പരാജയപ്പെടുത്തി ആയിരുന്നു 1965ൽ കെ.ആർ ഗൗരിയമ്മ വിജയിച്ചത്. എന്നാൽ, ഒരു കക്ഷിക്കും ഭൂരിപക്ഷം ഇല്ലാതെ പോയതിനാൽ സഭ സത്യപ്രതിജ്ഞ നടത്താതെ പിരിച്ചുവിട്ടു.
advertisement
തുടർന്ന്, 1967ൽ കെ.ആർ ഗൗരിയമ്മ മണ്ഡലത്തിൽ മത്സരിച്ചു. 1967 മുതൽ 1977 വരെയും 1980 മുതൽ 1996 വരെയും അരൂരിൽ സി.പി.എം ടിക്കറ്റിലായിരുന്നു ഗൗരിയമ്മ മത്സരിച്ചത്. എന്നാൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്തായതിനെ തുടർന്ന് 1994ൽ ഗൗരിയമ്മയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ സമിതി അഥവാ ജെ.എസ്.എസ് രൂപീകരിച്ചു. തുടക്കം മുതൽ ഐക്യജനാധിപത്യ മുന്നണിക്ക് ഒപ്പമായിരുന്നു ജെ.എസ്.എസ്. 1996ലും 2001ലും ഗൗരിയമ്മ നിയമസഭയിലേക്ക് മത്സരിച്ചത് ജെ.എസ്.എസ് ടിക്കറ്റിൽ ആയിരുന്നു. പക്ഷേ, പാർട്ടി മാറിയിട്ടും ചിഹ്നം മാറിയിട്ടും ഗൗരിയമ്മയെ അരൂർ കൈവിട്ടില്ല.
54 വർഷത്തിനു ശേഷം കോൺഗ്രസ് പതാക മണ്ഡലത്തിൽ പാറിച്ച് ഷാനിമോൾ ഉസ്മാൻ നിയമസഭയിലേക്ക് വിജയിച്ച് എത്തുമ്പോൾ പ്രതിപക്ഷ നിരയിലെ ആകെയുള്ള സ്ത്രീ കൂടിയാണ് അവർ. എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു.സി.പുളിക്കൽ 1992 വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാനോട് പരാജയപ്പെട്ടത്. കുത്തക മണ്ഡലമായിരുന്ന കോന്നി കൈവിട്ടതിന്‍റെ ക്ഷീണം കോൺഗ്രസിനുണ്ടെങ്കിലും 54 വർഷത്തിനു ശേഷം അരൂരിന്‍റെ മണ്ണിൽ വിജയിക്കാനായത് തന്നെയാണ് കോൺഗ്രസിന്‍റെ ഉപതെരഞ്ഞെടുപ്പിലെ വലിയ ആശ്വാസം.
അരൂർ മണ്ഡലം രൂപീകരിക്കപ്പെട്ട 1957ൽ ആയിരുന്നു കോൺഗ്രസിന്‍റെ പതാക ഇതിനു മുമ്പ് മണ്ഡലത്തിൽ പാറിക്കളിച്ചത്. 1957 മുതൽ 1965 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പി.എസ് കാർത്തികേയൻ ആയിരുന്നു മണ്ഡലത്തിലെ പ്രതിനിധി. നീണ്ട 54 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇപ്പോൾ മണ്ഡലത്തിൽ വീണ്ടുമൊരു കോൺഗ്രസ് സ്ഥാനാർത്ഥി വിജയിക്കുന്നത്.