തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ ബിയര്‍ നിര്‍മാണ ശാല ആരംഭിക്കുന്നതിന് ഉടമ അപേക്ഷ നല്‍കിയത് മുഖ്യമന്ത്രിക്ക് നേരിട്ട്. അപ്പോളോ ഡിസ്റ്റിലറീസ് ആന്റ് ബ്രുവറീസ് ചെയര്‍മാന്‍ എം പി പുരുഷോത്തമന്‍ ആണ് മുഖ്യമന്ത്രിക്ക് നേരിട്ട് അപ്‌കേഷ നല്‍കിയത്.
എക്സൈസ് കമ്മിഷണര്‍ക്കു നല്‍കേണ്ട അപേക്ഷയാണ് അസാധാരണ നടപടികളിലൂടെ നേരിട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചത്. പരിസ്ഥിതി ആഘാത പഠനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിക്കാതെ ഈ അപേക്ഷ എക്സൈസ് കമ്മിഷണര്‍ അനുവദിക്കുകയും ചെയ്തു.
advertisement
പുതിയ ബ്രൂവറി ആരംഭിക്കാന്‍ എക്സൈസ് കമ്മീഷണര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കുന്നതാണ് പതിവ്. ആവശ്യമായ ഭൂമി, പരിസ്ഥിതി ആഘാത പഠനം, അടിസ്ഥാന സൗകര്യങ്ങള്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ അനുമതി, മലിനികരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലിയറന്‍സ് എന്നിവയടക്കം പാലിക്കുന്ന മുറക്ക് ലൈസന്‍സ് അനുവദിക്കുകയും ചെയ്യും.
എന്നാല്‍ എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാന്‍ അപ്പോളോ ഡിസ്റ്റിലറീസ് ആന്റ് ബ്രുവറീസ് അപേക്ഷ നല്‍കിയത് മുഖ്യമന്ത്രിക്ക് നേരിട്ടാണ്. മുഖ്യമന്ത്രിക്ക് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തയാറാക്കിയതും. മദ്യ ഉത്പാദന രംഗത്ത് കമ്പനിക്കുള്ള മുന്‍പരിചയം മാത്രമാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും എക്‌സൈസ് കമ്മീഷണര്‍ പരിഗണിച്ചിരിക്കുന്നത്. കമ്പനിയുടെ കൈവശമുളളത് കരഭൂമിയാണ് എന്നതിനപ്പുറം ബ്രൂവറി പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുമോയെന്നൊന്നും റിപ്പോര്‍ട്ടിലില്ല.
സംസ്ഥാനത്തെ ബിയര്‍ ഉത്പാദനവും സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുന്ന ബിയറിന്റെ കണക്കുമൊക്കെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മറ്റ് കാര്യങ്ങള്‍. 99 ലെ ഉത്തരവ് ബ്രൂവറികള്‍ക്ക് ബാധകമല്ലെന്നും എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പുതിയ ബ്രൂവറി സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുമെന്നും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവയെല്ലാം കണക്കിലെടുത്ത് അപേക്ഷ പരിഗണിക്കണമെന്നാണ് എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. മലിനീകരണ നിയന്ത്രണം, ജലലഭ്യത ഉള്‍പ്പടെയുളള കാര്യങ്ങളെ കുറിച്ച് ഒരു പരാമര്‍ശവുമില്ല.