മികച്ച അഞ്ച് ക്ലബ്ബുകളാണ് അഭിമാന പോരാട്ടത്തിനിറങ്ങുന്നത്. നടുഭാഗം ബോട്ട്ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടൻ, ചെറുതന ന്യൂ ബോട്ട്‌ക്ലബ്ബിനായി പള്ളാത്തുരുത്തി ബോട്ട്ക്ലബ് തുഴയുന്ന ചെറുതന പുത്തൻചുണ്ടൻ, യുബിസി കൈനകരി തുഴയുന്ന ആയാപറമ്പ് പാണ്ടി, ചമ്പക്കുളം ബോട്ട്ക്ലബ് തുഴയുന്ന ചമ്പക്കുളം ചുണ്ടൻ, നിരണം ബോട്ട്ക്ലബ് തുഴയുന്ന ആയാപറമ്പ് വലിയദിവാൻ എന്നിവയാണ് മത്സരിക്കുന്നത്.
ഇത്തവണ വള്ളംകളി മത്സരത്തിൽ കുമരകത്തു നിന്ന് ചുണ്ടനില്ല. സാമ്പത്തിക പ്രതിസന്ധിയും സമ്മാനതുകയുടെ കുറവും കാരണം രണ്ട് വെപ്പു വള്ളങ്ങൾ മാത്രമാണ് മത്സരത്തിൽ. ആദ്യ മത്സരം എങ്കിലും സമ്മാനത്തുക പേരിനുമാത്രമായതിനാൽ നെഹ്റു ട്രോഫിയുടെ ആകർഷണീയത ചമ്പക്കുളം വള്ളംകളിക്കില്ല. ഈ സാഹചര്യത്തിലാണ് കടം വാങ്ങി തുഴയേണ്ടെന്ന തീരുമാനത്തിൽ കുമരകത്തെ ബോട്ട് ക്ലബുകൾ എത്തിയത്.
advertisement
ഓഗസ്റ്റിലെ നെഹ്റുട്രോഫിക്ക് മുന്നോടിയായുള്ള സെമിഫൈനലായി കണ്ടാണ് ചമ്പക്കുളം മൂലം വള്ളംകളിയിൽ ബോട്ട് ക്ലബ്ബുകൾ പങ്കെടുക്കുന്നത്. ചമ്പക്കുളം വള്ളംകളിക്ക് ഒരാഴ്ചത്തെ പരിശീലനവും നെഹ്‌റു ട്രോഫിക്ക് ഒരു മാസം വരെ നീളുന്ന പരിശീലനവുമാണ് ടീമുകൾ സാധാരണ നടത്തുന്നത്. ചെലവ് കൂടിയതോടെ പരിശീലന ദിവസങ്ങൾ കുറയ്ക്കാൻ ടീമുകൾ നിർബന്ധിതരായിട്ടുണ്ട്.
കുമരകം ടൗൺ ബോട്ട് ക്ലബ് വെപ്പ് ഒന്നാം ഗ്രേഡായ അമ്പലക്കടവനിൽ മത്സരിക്കുമ്പോൾ കുമരകം എൻ.സി.ഡി.സി നവ ജ്യോതിയിൽ ഇറങ്ങും. നെഹ്‌റു ട്രോഫിമത്സരത്തിനായി തിരഞ്ഞെടുത്ത ടീം അംഗങ്ങൾ തുഴയുന്ന പായിപ്പാടൻ ചുണ്ടനിലായിരുന്നു ടൗൺ ബോട്ട് ക്ലബിന്റെ ആദ്യ പരിശീലനം. എൻ.സി.ഡി.സി ഫൈബർ ചുണ്ടനിലായിരുന്നു പരിശീലനം. വിജീഷ് പുളിക്കലാണ് അമ്പലക്കടവന്റെ ക്യാപ്ടൻ.അശ്വിൻ ചാക്കോയാണ് നവജ്യോതിയുടെ ക്യാപ്ടൻ .
മത്സരിക്കുന്ന വെപ്പു വള്ളങ്ങളിൽ അവസാന പരിശീലനം നടത്തിയാണ് ഇരു ടീമുകളും ബുധനാഴ്ച തുഴയെറിയാനെത്തുന്നത് .ഹീറ്റ്സിൽ ഏറ്റുമുട്ടുന്ന മത്സരം കുമരകത്തിന്റെ കരുത്തു തെളിയിക്കുന്ന തീപാറും പോരാട്ടമായിരിക്കുമെന്ന പ്രതീക്ഷയിലാണ് വള്ളം കളി പ്രേമികൾ .