ശബരിമല ഉൾപ്പടെയുളളള വിഷയങ്ങൾ യുഡിഎഫ് വിജയത്തിന് കാരണമായി. തെരഞ്ഞെടുപ്പ് വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നുവെന്നും അവർ നൽകിയ വിജയമാണിതെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും വലിയ പരാജയമേറ്റുവാങ്ങിയ ഇടതിന് സാങ്കേതികതയുടെ പേരിൽ മാത്രം കേരളത്തിൽ ഭരണം തുടരാമെന്നേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിലെ മോദി ഭരണവും കേരളത്തിലെ പിണറായി ഭരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടു കൂട്ടരും മതന്യൂനപക്ഷ- പിന്നോക്ക-ആദിവാസി വിഭാഗങ്ങളെ പീഡിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിലും പരസ്പരം മത്സരിക്കുകയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിൽ അധികാരത്തിലെത്തിയാൽ മതന്യൂനപക്ഷ-പിന്നോക്ക-ആദിവാസി വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
തെരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷം പ്രധാനമായും ഉയർത്തിയത് കോ-ലീ-ബി സഖ്യം എന്ന ആരോപണമായിരുന്നു. എന്നാൽ ഇത് വെറും ആരോപണം മാത്രമാണെന്ന് തെളിഞ്ഞു. സംഘപരിവാരത്തിന്റെ മുന്നേറ്റത്തെ തടയാനായത് കോൺഗ്രസിനും യുഡിഎഫിനും മാത്രമാണെന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു. ശൈലി മാറ്റില്ലെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചത്. അതിന് ഞങ്ങൾക്ക് അദ്ദേഹത്തോട് ഏറെ നന്ദിയുണ്ടെന്നും ചെന്നിത്തല പരിഹസിച്ചു. ധാർഷ്ട്യത്തോടെയുള്ള മുഖ്യമന്ത്രിയുടെയും ഇടത് പ്രവർത്തകരുടെയും പ്രവർത്തന ശൈലിയും അവർക്ക് തിരിച്ചടിയായെന്നും ചെന്നിത്തല പറഞ്ഞു.