കൊല്ലത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച മഹിള സംഗമ വേദിയിലെത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തി വൈറലായിരിക്കുകയാണ് സിപിഎം കൊല്ലം ഏരിയാ കമ്മറ്റി മെമ്പറും അഭിഭാഷകനുമായ കെ.പി സജിനാഥ്.
സമകാലിക രാഷ്ട്രീയ സംഭവങ്ങളെ കുറിച്ചുള്ള ബൃന്ദാ കാരാട്ടിന്‍റെ പ്രസംഗം കത്തിക്കയറുന്നതിനിടെ മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‌റെ മകള്‍ പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സംഭവവും ഇതിനിടെ പരാമര്‍ശിച്ചു.
"ടുഡെ ഐ ഹേർഡ്, ഡോട്ടർ ഓഫ് ഫോർമർ ചീഫ് മിനിസ്റ്റർ, കോൺഗ്രസ് ചീഫ് മിനിസ്റ്റർ ഓഫ് കേരള ഹാസ് ഗോൺ ആൻഡ് ജോയിൻഡ് ബിജെപി" (മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ മകൾ ബിജെപിയിൽ ചേർന്നതായി കേട്ടു).
advertisement
പിന്നാലെ എത്തിയ കെ.പി സജിനാഥിന്‍റെ പരിഭാഷയായിരുന്നു ഹൈലൈറ്റ്. ബൃന്ദാ കാരാട്ടിന്‍റെ ദീര്‍ഘമായ വാക്കുകള്‍ 'പത്മജ പോയി' എന്ന രണ്ടേ രണ്ട് വാക്കില്‍ ഒതുക്കി സജിനാഥ് പരിഭാഷപ്പെടുത്തി. ഇത് കേട്ടതോടെ വേദിയിലും സദസിലുമുള്ളവര്‍ക്ക് ചിരിയടക്കാനായില്ല.
ബാക്കി എല്ലാവർക്കും അറിയാമെന്ന് കൂടി പറഞ്ഞപ്പോൾ ബൃന്ദയും പരിഭാഷ ശരിവെച്ചു. കൂട്ടത്തില്‍ ‘നോ നീഡ് ഓഫ് ട്രാൻസ്‌ലേഷൻ’എന്നൊരു കമന്‍റും. തെരഞ്ഞെടുപ്പ് ചൂട് പിടിച്ച രാഷ്ട്രീയക്കാരുടെ സോഷ്യല്‍ മീഡിയ പേജുകളിലും വാട്സാപ്പ് സ്റ്റാറ്റസുകളിലും സജിനാഥിന്‍റെ ഈ രണ്ട് വാക്ക് പരിഭാഷ വൈറലായി.