ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സി.ബി.ഐ. അന്വേഷണത്തിൽ എതിർപ്പില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയും ക്രൈം ബ്രാഞ്ചിന്റെ തലപ്പത്തുള്ളവരും വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ സി.ബി.ഐ. അന്വേഷണ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് ബാലഭാസ്കറിന്റെ ബന്ധുക്കളെ അറിയിച്ചെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾ നീണ്ടുപോയെന്ന് ക്രൈം ബ്രാഞ്ച് സംഘം തന്നെ പറയുന്നു.
മുഖ്യമന്ത്രി ഇക്കാര്യത്തിൽ തീരുമാനം എടുത്ത ശേഷം മാത്രമെ ബാലഭാസ്കറിന്റെ അപകട മരണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് സമർപ്പിക്കാൻ കഴിയുകയൂളളൂവെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്.
advertisement
കൂടാതെ കലഭാവൻ സോബി ആദ്യം പറഞ്ഞ രണ്ട് പേർ അപകട സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് ടെലിഫോൺ രേഖകളുടെ സഹായത്തോടെ ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാളായ പ്രകാശ് തമ്പി സ്വർണക്കടത്ത് കേസിൽ ഇപ്പോൾ കരുതൽ തടങ്കലിലാണ്. മറ്റൊരാൾ പൂന്തോട്ടം ആശുപത്രി ഉടമയുടെ മകനാണ്.
ഡി.ആർ.ഐ. സംഘം കാണിച്ചുകൊടുത്ത 32 ചിത്രങ്ങളിൽ നിന്ന് ഒരാളെയാണ് സോബി കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞത്. ഇയാളെക്കുറിച്ച് ക്രൈം ബ്രാഞ്ചിനെ അറിയിക്കുമെന്ന് ഡി.ആർ.ഐ. സംഘം വ്യക്തമാക്കിയിരുന്നു. എന്നാൽ ഡി.ആർ.ഐ. സംഘം ഇത്തരത്തിലൊരു സംഭവം തങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
ബാലഭാസ്കറും മകളും അപകടത്തിൽ മരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ലെന്ന വിമർശനം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം വന്ന ശേഷമേ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയുകയുള്ളൂവെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയത്.