ചെലവു ചുരുക്കലിന്റെ ഭാഗമായി 19 മന്ത്രിമാര്‍ മാത്രം മതിയെന്നായിരുന്നു അധികാരമേറ്റപ്പോള്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ചീഫ് വിപ്പ് നിയമനത്തിനെതിരെ രംഗത്തെത്തിയതു കൂടി പരിഗണിച്ചായിരുന്നു ഈ തീരുമാനം. എന്നാൽ മന്ത്രിമാരുടെ എണ്ണം പിന്നീട് 20 ആയി ഉയർത്തി.
ഭരണപരിഷ്ക്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ, മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള എന്നിവരെയും ഏറ്റവും ഒടുവിലായി സി.പി.ഐ നിർദ്ദേശിച്ച കെ. രാജനെയും ചീഫ് വിപ്പായി ഇടതു സർക്കാർ കാബിനറ്റ് റാങ്കിൽ നിയമിച്ചു. ഇതിനു പിന്നാലെയാണ് കാബിനറ്റ് റാങ്കോടെ മുൻ എം.പി എ സമ്പത്തിനെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചത്.
advertisement
മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക പദവി നൽകി ഉപദേശകരെ നിയമിച്ചതും വിവാദമായിരുന്നു. പ്രളയ പുനരധിവാസമടക്കം സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് അനാവശ്യ തസ്തികകൾ സൃഷ്ടിച്ച് ധൂർത്ത് നടത്തുന്നതെന്ന ആരോപണവുമുയർന്നിട്ടുണ്ട്.
കേന്ദ്രവുമായുള്ള ആശയവിനിമയം ഏകോപിപ്പിക്കാൻ ഡൽഹിയിൽ റസിഡന്റ് കമ്മിഷണർ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ നിലനിൽക്കെയാണ് കാബിനറ്റ് പദവിയോടെ പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ നിയമിച്ചത്. മന്ത്രിക്ക് തുല്യമായ പദവിയായതിനാൽ സമ്പത്തിന് ആനുകൂല്യങ്ങളടക്കം 90,000 രൂപ ശമ്പളമായി ലഭിക്കും. ഇതുകൂടാതെ സർക്കാർ വാഹനം, ഡൽഹിയിൽ വീട് , ഓഫീസ് പ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാർ എന്നിവയും ലഭിക്കും. ഇതിനുള്ള ചെലവുകളും സർക്കാർ തന്നെയാണ് വഹിക്കുന്നത്.