TRENDING:

സനല്‍ കൊലപാതകത്തിന് ഒരാണ്ട്; ഭാര്യ വിജിക്ക് ഉറപ്പു കൊടുത്ത ജോലിയെവിടെ?

Last Updated:

Government fails to keep promise as Sanal Kumar murder turns a year older | ജോലി നല്‍കുമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതിനാല്‍ കുടുംബം ദുരിതക്കയത്തില്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാര്‍ എന്ന യുവാവിനെ ഡി.വൈ.എസ്.പി. വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടുകൊന്ന സംഭവം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം. സനലിന്റെ വിയോഗത്തോടെ അനാഥമായ കുടുംബം സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനാല്‍ ദുരിതത്തിലാണ്.
advertisement

കഴിഞ്ഞവര്‍ഷം നവംബര്‍ അഞ്ചിന് രാത്രിയാണ് സനല്‍ കൊല്ലപ്പെട്ടത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയായിരുന്ന ഹരികുമാറുമായി വാഹനപാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഹരികുമാര്‍ സനലിനെ കാറിനടിയിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പൊലീസുകാര്‍ ആദ്യം തയാറായിരുന്നില്ല. അര മണിക്കൂറോളം റോഡില്‍ കിടന്ന സനലിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചതിനു ശേഷമാണ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സനലിന്റെ മരണം വലിയ വിവാദത്തിനാണ് വഴിതെളിച്ചത്.

ഡി.വൈ.എസ്.പി.യെയും നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ കുടുംബത്തിന് വലിയ സഹായ വാഗ്ദാനങ്ങളും നല്‍കി. മൂന്നു മന്ത്രിമാര്‍ സനലിന്റെ വീട്ടില്‍ ചെന്നാണ് ഭാര്യ വിജിക്ക് ജോലി അടക്കം വാഗ്ദാനങ്ങള്‍ നല്‍കിയത്.

advertisement

എന്നാല്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഡിവൈഎസ്പി ഹരികുമാര്‍ ദിവസങ്ങള്‍ക്കകം കല്ലമ്പലത്തെ വീട്ടിലെത്തി ആത്മഹത്യ ചെയ്തതോടെ കേസ് തണുത്തു.

സനല്‍ കൊല്ലപ്പെടുമ്പോള്‍, വീട് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് കുടുംബത്തിന് 25 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു.

ധനസഹായവും സര്‍ക്കാര്‍ ജോലിയും ആവശ്യപ്പെട്ട് കുടുംബം ഡിസംബറില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയതോടെ വിഷയം വീണ്ടും വാര്‍ത്താപ്രാധാന്യം നേടി. സി.എസ്.ഐ സഭ മുന്‍കൈയെടുത്ത് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ സഹായധനം അനുവദിക്കാനും വിജിക്ക് അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നല്‍കാനും ധാരണയായതോടെയാണ് സമരം അവസാനിപ്പിച്ചത്.

advertisement

എന്നാല്‍ പിന്നെയും നടപടികള്‍ നീണ്ടു. ഇതിനിടെ നാട്ടുകാരും സുരേഷ് ഗോപി എം.പി. അടക്കമുള്ളവരും കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു. സര്‍ക്കാര്‍ വാക്കുപാലിക്കാത്തതിനെതിരെ പ്രതിഷേധവുമായി വീണ്ടും പലതവണ കുടുംബം രംഗത്തെത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പത്തുലക്ഷം രൂപ അനുവദിച്ചത് മാത്രമാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് സനലിന്റെ കുടുംബത്തിന് ലഭിച്ച സഹായം. കടബാധ്യത പൂർണ്ണമായി തീര്‍ക്കാന്‍ ഇനിയും കുടുംബത്തിനായിട്ടില്ല.

ഇതിനിടെ നിയമസഭയില്‍ പി.സി. ജോര്‍ജിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ വിജിക്ക് ജോലി നല്‍കാനാവില്ലെന്ന് സൂചിപ്പിക്കുകയുണ്ടായി. സനലിന്റെ വൃദ്ധമാതാവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ഇതോടെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ്.

advertisement

ചില സി.പി.എം. നേതാക്കള്‍ക്ക് കേസിലുള്ള താത്പര്യമാണ് അര്‍ഹതപ്പെട്ട സഹായങ്ങള്‍ കുടുംബത്തിന് ലഭിക്കുന്നതിന് വിലങ്ങുതടിയെന്ന് ആരോപണമുണ്ട്. ജില്ലയിലെ ചില പ്രധാന നേതാക്കള്‍ ഹരികുമാറുമായി അടുപ്പം പുലര്‍ത്തിയിരുന്നു.

സനലിന് യഥാസമയം ചികിത്സ ലഭ്യമാക്കാഞ്ഞ പൊലീസുകാര്‍ക്കെതിരെയുള്ള കേസ് അടക്കം ഹരികുമാറിന്റെ മരണത്തോടെ മാഞ്ഞുപോകുന്ന സ്ഥിതിയാണ്.

ഇതിനിടെ ഡി.വൈ.എസ്.പി.യുടെ കുടുംബത്തിന് മരണാനന്തര ആനുകൂല്യങ്ങള്‍ പൂര്‍ണമായി ലഭ്യമാക്കാന്‍, സനല്‍കേസില്‍ ഹരികുമാറിന് അനുകൂലമായി റിപ്പോര്‍ട്ടുണ്ടാക്കാന്‍ നീക്കം നടക്കുന്നതായും സൂചനകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം സനലിന്റെ കുടുംബത്തിന്റെ മുന്‍പോട്ടുള്ള പോക്കിന് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് കൂടുതല്‍ സഹായം ആവശ്യമായതിനാല്‍ വീണ്ടും സമരരംഗത്തിറങ്ങാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെയും കുടുംബാംഗങ്ങളുടെയും ആലോചന.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സനല്‍ കൊലപാതകത്തിന് ഒരാണ്ട്; ഭാര്യ വിജിക്ക് ഉറപ്പു കൊടുത്ത ജോലിയെവിടെ?