നിലമ്പൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സുനിൽ കമ്മത്തിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. നാട്ടിൽ എല്ലാക്കാര്യത്തിനും ഓടിനടക്കുന്ന ചെറുപ്പക്കാരൻ. എല്ലാ പരിപാടികളിലും അതിന്റെ സംഘാടനത്തിലും മുന്നിൽ തന്നെ കാണും. സി.പി.എമ്മിന്റെ സജീവപ്രവർത്തകൻ കൂടിയാണ് സുനിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് സുനിൽ എക്സൈസിന്റെ പിടിയിലായത്.
ചുങ്കത്തറയുടെ സമീപപ്രദേശമായ പണപ്പൊയിലിലെ വീട്ടില്‍നിന്നാണ് സുനിൽ കമ്മത്തിനെ അറസ്റ്റ് ചെയ്തത്. സുനിലിന്‍റെ ഭാര്യയുടെ പേരിലുള്ള ഈ വീട്ടില്‍ ആള്‍ത്താമസമുണ്ടായിരുന്നില്ല. എന്നാല്‍ മിക്ക ദിവസങ്ങളിലും ഇവിടെ രാത്രി ലൈറ്റ് തെളിഞ്ഞുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇന്നലെയും ലൈറ്റ് കണ്ടതോടെ അന്വേഷിച്ചെത്തിയ നാട്ടുകാരാണ് ചാരായം വാറ്റുന്നത് കാണുന്നത്. ഉടന്‍ തന്നെ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ നാട്ടുകാർ ഫോണില്‍ വിളിച്ചറിയിച്ചു.
advertisement
എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം സുനിൽ കമ്മത്തിന്റ വീട്ടിൽ പരിശോധന നടത്തിയ എക്സൈസ് സംഘത്തിന് രണ്ട് ലിറ്റർ ചാരായവും 40 ലിറ്റർ വാഷുമാണ് ലഭിച്ചത്.
പ്രഷർ കുക്കറും മറ്റ് വാറ്റ് ഉപകരണങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു. നിലമ്പൂർ എക്‌സൈസ് ഇൻസ്‌പെക്ടർ കെ ടി സജിമോന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർ മുസ്തഫ ചോലയിൽ, അഭിലാഷ്, ജസ്റ്റിൻ, കെ പ്രദീപ്, അബ്ദുൽ റഷീദ്, ഷീന എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.