ഡിസംബർ 31ന് ആയിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിലെ 42 ജീവനക്കാരെയും പിരിച്ചുവിട്ടത്. കരാർ കാലാവധി പൂർത്തിയായതിനെ തുടർന്നായിരുന്നു പിരിച്ചുവിടൽ നടപടിയിലേക്ക് അധികൃതർ നീങ്ങിയത്. എന്നാൽ, ജോലിക്ക് കയറുന്ന സമയത്ത് കരാർ കാലാവധി ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു നിപാ വൈറസ് രോഗബാധ കോഴിക്കോട് ജില്ലയെ പിടികൂടിയത്. ആ സമയത്ത് ആയിരുന്നു ഈ 42 പേരും ജോലിയിൽ പ്രവേശിച്ചത്. ആരോഗ്യപ്രവർത്തകർ മുന്നോട്ടു വരണമെന്ന സർക്കാർ പരസ്യം കണ്ടായിരുന്നു ഇവർ സേവനസന്നദ്ധരായി എത്തിയത്.
advertisement
കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയാലും രാഹുൽ പ്രധാനമന്ത്രിയാകണമെന്നില്ല: ശശി തരൂർ
നിപാ വൈറസിന്‍റെ ഭീകരത മനസിലാക്കിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ കുറേ ജീവനക്കാർ കൂട്ട അവധിയിൽ പ്രവേശിച്ചിരുന്നു. ഐസൊലേഷൻ വാർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾക്കും ആവശ്യത്തിന് ആളെ കിട്ടാത്ത സാഹചര്യം ഉണ്ടായിരുന്നു.
ആ സാഹചര്യത്തിൽ ആയിരുന്നു ആരോഗ്യപ്രവർത്തകരുടെ സേവനം ആവശ്യപ്പെട്ട് സർക്കാർ പരസ്യം നൽകിയത്. സർക്കാരിന്‍റെ പത്രപ്പരസ്യം കണ്ട് നിപാബാധ കാലത്ത് സേവനസന്നദ്ധരായി എത്തിയ 42 പേരാണ് ഇപ്പോൾ തൊഴിൽരഹിതരായിരിക്കുന്നത്. കഴിഞ്ഞ എട്ടു ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിനു മുന്നിൽ ഇവർ സമരം നടത്തുകയാണ്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
സ്ഥിരം നിയമനം നൽകുമെന്ന് നേരത്തെ സർക്കാർ വാഗ്ദാനം നൽകിയിരുന്നെന്നാണ് ഇവർ പറയുന്നത്. എന്നാൽ, സ്ഥിരം നിയമനം നൽകിയില്ലെങ്കിൽ കൂടിയും ദിവസ വേതനാടിസ്ഥാനത്തിൽ ജോലി നൽകണമെന്നാണ് ഇവരുടെ ആവശ്യം.
