തെറ്റ് ആവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് മേയർ വി കെ പ്രശാന്ത് പറഞ്ഞത്. എന്നാൽ മോശം ഭക്ഷണം കൊടുത്തതിന് അടുത്തെങ്ങും ഒരു ഹോട്ടലിനും ലൈസന്‍സ് പോയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ചുരുങ്ങിയത് ഈ കൗണ്‍സിലിന്റെ കാലത്തുപോലും അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല. ഇന്നലത്തെ പരിശോധനയില്‍ പിടിക്കപ്പെട്ട ഹോട്ടലുകള്‍ മുന്‍പൊരിക്കലും പഴകിയ ഭക്ഷണം നല്‍കിയതിന് നടപടി നേരിട്ടിട്ടില്ലെന്നാണ് നഗരസഭയുടെ വാദം. എന്നാല്‍ വസ്തുത അതല്ല. ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണം വിളമ്പിയ ഒരു ഹോട്ടലിനും പിഴ ഇടാന്‍ പോലും നഗരസഭയ്ക്കു കഴിഞ്ഞില്ല. ഒരാഴ്ചയ്ക്കുള്ളില്‍ തകരാറുകള്‍ പരിഹരിക്കണമെന്ന താക്കീതില്‍ നടപടി ഒതുങ്ങി. നിയമം അതിനേ അനുവദിക്കുന്നുള്ളൂവെന്നാണ് നഗരസഭയുടെ വാദം.
advertisement
ഇന്നലെ നോട്ടീസ് നൽകിയ 46 ഹോട്ടലുകളും ഇന്നും തുറന്നു. പൂട്ടിക്കാന്‍ അധികാരമില്ലെങ്കിലും ഹെല്‍ത്ത് കാര്‍ഡും മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളുമില്ലാതെ എന്തിന് ലൈസന്‍സ് നല്‍കിയെന്ന ചോദ്യത്തിന് നഗരസഭയ്ക്ക് മറുപടിയില്ല. ഹോട്ടലുകളില്‍ പരിശോധനകള്‍ നടത്തുന്ന കാര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല.
