കുഞ്ചാക്കോ ബോബന്റെ സിനിമയുമായി ബന്ധപ്പെട്ട് ഇടത് സൈബർ പോരാളികൾ നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് സുരേന്ദ്രൻ രംഗത്ത് വന്നത്. കുഴിമന്ത്രിക്ക് വേണ്ടി സൈബർ ഗുണ്ടകൾ രംഗത്ത് വന്നു എന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. 'കുഴി മന്ത്രി പറയുന്നത് കുഴി അടക്കാനുള്ള ഉത്തരവാദിത്വം പിഡബ്ല്യുഡിക്ക് ഇല്ല എന്നാണ്.
എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണ്. ദേശീയപാത അതോറിറ്റി ഇതിനായി പിഡബ്ല്യുഡിക്ക് ഫണ്ട് നൽകിയിട്ടുണ്ട്. സിനിമാ പരസ്യത്തിനെതിരെ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് ഫാസിസ്റ്റ് നടപടിയാണ് എന്നും സുരേന്ദ്രൻ ആരോപിച്ചു.
advertisement
സർക്കാർ രൂപീകരിച്ച നവോത്ഥാനം സമിതിയുടെ താല്പര്യം സംശയകരമാണെന്നും കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
സെലക്റ്റീവായാണ് അവർ പ്രശ്നങ്ങളെ കാണുന്നത്. മുത്തലാഖ് നിയമം സ്വാഗതം ചെയ്യാൻ പോലും അവർ തയ്യാറായില്ല. എന്നാൽ ശബരിമലയുടെ കാര്യത്തിൽ പിണറായി വിജയന് വേണ്ടി അനാവശ്യ തിടുക്കം കാണിച്ചു. സർക്കാർ ഫണ്ട് ഉപയോഗിച്ച് ചില ആളുകൾക്ക് വേണ്ടി മാത്രം നവോത്ഥാന സമിതി പ്രവർത്തിക്കുന്നത് ശരിയല്ല.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും രൂക്ഷമായ വിമർശനമാണ് കെ. സുരേന്ദ്രൻ ഉന്നയിച്ചത്. സർക്കാർ അഴിമതികളെ പ്രതിപക്ഷത്തിന്റെ സഹായത്തോടെ അട്ടിമറിക്കാനാണ് പിണറായിയുടെ ശ്രമം. തോമസ് ഐസക്ക് എതിരെ അന്വേഷണം നടത്താൻ പാടില്ല എന്ന് സതീശൻ പറഞ്ഞത് ഇതിന്റെ ഭാഗമാണ്. അങ്ങനെ പറയാൻ സതീശന് എന്ത് അധികാരമുള്ളത്. കേരളത്തിൽ പിണറായി വിജയനുമായി എന്ത് ഡീൽ ആണ് സതീശൻ ഉണ്ടാക്കിയത് എന്നും സുരേന്ദ്രൻ ചോദിച്ചു.
പ്രതിപക്ഷ ധർമ്മം മറന്നു കൊണ്ടുള്ള ഒത്തുതീർപ്പ് രാഷ്ട്രീയമാണ് സതീശൻ നടത്തുന്നത്. സർക്കാരിലെ ഒരു മന്ത്രിയെ പോലെയാണ് സതീശൻ പ്രവർത്തിക്കുന്നത്. വിദേശത്തുനിന്ന് പണം വരുന്നതുമായി ബന്ധപ്പെട്ട കേസുകൾ വരുമ്പോൾ സതീശന് പരിഭ്രമം ഉണ്ടാകുന്നു. സതീശനുമായി ബന്ധപ്പെട്ട ചില കേസുകളും നിലനിൽക്കുന്നുണ്ട്. അതിലുള്ള പരിഭ്രമമാണോ ഇതെന്ന് സംശയിക്കണം എന്നും സുരേന്ദ്രൻ പറഞ്ഞു.
ഓണത്തിന്റെ ചരിത്രം ഇടത് ചരിത്രകാരന്മാർ വളച്ചൊടിച്ചു എന്നും കെ സുരേന്ദ്രൻ ആരോപിച്ചു. തൃക്കാക്കരയപ്പനേം മഹാവിഷ്ണുവിനെയും രണ്ടായി കാണിച്ചാണ് ഇടത് ചരിത്രകാരന്മാർ ഇതിനെ വ്യാഖ്യാനിച്ചത്. എന്നാൽ മഹാവിഷ്ണുവിന്റെ അവതാരമാണ് ഇവയെല്ലാം. കേരളത്തിൽ ഓണത്തെ വരവേൽക്കുന്നത് തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ ചടങ്ങുകളോടെയാണ് എന്നും സുരേന്ദ്രൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബിജെപി തെറ്റായ നീക്കങ്ങൾ നടത്തുന്നു എന്ന ആരോപണം വസ്തുതാ വിരുദ്ധമാണ് എന്നും സുരേന്ദ്രൻ വിശദീകരിക്കുന്നു.