2011 ഫെബ്രുവരി 17നാണ് സ്കൂൾ ബസ് പാർവതിപുത്തനാറിലേക്ക് മറിഞ്ഞ് ആറ് കുട്ടികളും ആയയും മരിച്ചത്. അപകടത്തില്‍ തലയ്‌ക്കേറ്റ ക്ഷതം മൂലം ഓര്‍മയും ചലനവും നഷ്ടപ്പെട്ട നിലയിലായിരുന്നു ഇർഫാൻ.
എട്ട് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഷാജഹാൻ- സജിനി ദമ്പതികൾക്ക് പിറന്ന കുഞ്ഞാണ് ഇർഫാൻ. 2011 ഫെബ്രുവരി 17ന് ഉമ്മിച്ചിയുടെ കവിളത്ത് മുത്തം കൊടുത്ത് ഓടിച്ചാടി പേട്ട ലിറ്റില്‍ ഹേര്‍ട്ട്‌സ് കിന്റര്‍ഗാര്‍ട്ടനിലേക്ക് പോയതായിരുന്നു ഇര്‍ഫാന്‍. അന്നത്തെ അപകടത്തില്‍ ആറ് പിഞ്ചുപൈതങ്ങളും അവരുടെ ആയയും പാര്‍വതി പുത്തനാറിന്‍റെ കയങ്ങളില്‍ മുങ്ങിമരിച്ചു. രക്ഷപ്പെട്ടത് ഇര്‍ഫാന്‍ മാത്രം. അപകടം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണം പുത്തനാറിലെ പായല്‍ക്കൂട്ടമായിരുന്നു.
advertisement
രക്ഷാപ്രവര്‍ത്തകരുടെ കൈകളിലെത്തുമ്പോള്‍ ഇര്‍ഫാന് ബോധമില്ലായിരുന്നു. നേരെ സ്വകാര്യ ആസ്പത്രിയുടെ വെന്റിലേറ്ററിലേക്ക്. മരണത്തോട് പോരടിച്ച ദിവസങ്ങളായിരുന്നു പിന്നീട്. ഇർഫാനൊപ്പമുണ്ടായിരുന്നറാസിഖ് ഏറെ വൈകാതെ മരണത്തിന് കീഴടങ്ങി. മൂന്നുമാസത്തോളം വിധിയോട് പൊരുതി വെന്റിലേറ്ററില്‍ തന്നെ ഇര്‍ഫാന്‍ തുടര്‍ന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. തിരികെയെത്തുമ്പോഴും പ്രതീക്ഷ അസ്തമിച്ചിരുന്നില്ല. വീട്ടില്‍ വിദഗ്ധ ചികിത്‌സാ സൗകര്യമൊരുക്കി. സര്‍ക്കാരും സന്നദ്ധ സംഘടനകളും സഹായവുമായെത്തി. നീണ്ട ചികിത്സകൾക്കൊടുവിൽ രണ്ടരവര്‍ഷത്തിന് ശേഷം ഇര്‍ഫാന്‍ പരസഹായത്തോടെ നടന്നുതുടങ്ങിയെങ്കിലും ഓര്‍മ്മയും, ശബ്ദവും മടങ്ങിയെത്തിയിരുന്നില്ല.