വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് വേണ്ടി പരമാവധി 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി. പത്ത് വർഷം പഴക്കമുള്ള വാഹനത്തിന് പകരമാണ് പുതിയത് വാങ്ങുന്നത്.
33 ലക്ഷത്തോളം വില വരുന്ന ഇന്നോവ ക്രിസ്റ്റയാണ് വാങ്ങാനായി തീരുമാനിച്ചിരിക്കുന്നത്. ഇതിനാലാണ് വാഹനത്തിന്റെ വില 35 ലക്ഷമാക്കിയിരിക്കുന്നത് എന്നാണ് സൂചന. ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളിലൊന്നാണ് ക്രിസ്റ്റ.
advertisement
നവംബർ 17 നാണ് ഇത് സംബന്ധിച്ച ഉത്തരവ് വ്യവസായ വകുപ്പ് ഇറക്കിയത്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനം വാങ്ങുന്നതിനെതിരായി നവംബർ നാലിന് ചീഫ് സെക്രട്ടറിയും നവംബർ ഒൻപതിന് ധനവകുപ്പും ഉത്തരവിറക്കിയിരുന്നു.
ഇതിനിടയിലാണ് ഈ നീക്കം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ 4 കാറുകൾ ഹൈക്കോടതി ജഡ്ജിമാർക്ക് വേണ്ടി വാങ്ങാനും തീരുമാനിച്ചിരുന്നു.
സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന വാർത്തകൾക്കിടെയാണ് അധികാരികൾക്ക് പുതിയ കാറുകൾ വാങ്ങാനുള്ള നീക്കം.