കേരളത്തിലെ കർഷകരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും, കൃഷി വ്യാപിപ്പിക്കുന്നതിനും സർക്കാരും കൃഷി വകുപ്പും വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനമൊട്ടാകെ 2,000 കർഷകചന്തകളാണ് ആരംഭിക്കുന്നത്. ഓണക്കാലത്ത് കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ലാഭകരമായ രീതിയിൽ വിറ്റഴിക്കാനുള്ള അവസരമാണ് ചന്തകളിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിൻ്റെ കാർഷിക മേഖല 2.1 ശതമാനം വളർച്ച കൈവരിച്ചപ്പോൾ കേരളം 4.65 ശതമാനം വളർച്ചയാണ് കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു. കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി മണ്ഡലത്തിലെ കാർഷിക മേഖലയിൽ ഗുണകരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്നും, പദ്ധതിയുടെ ഭാഗമായി കൃഷി അടിസ്ഥാനമാക്കി 18 സംഗമങ്ങളാണ് സംഘടിപ്പിച്ചതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് മന്ത്രി പി. രാജീവ് പറഞ്ഞു.
advertisement
ചടങ്ങിൽ വിവിധ പഴം പച്ചക്കറി ഉൽപന്നങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടനും, ഭൗമസൂചിക ഉൽപന്നങ്ങൾ ജില്ലാ കളക്ടർ ജി. പ്രിയങ്കയും ഏറ്റുവാങ്ങി. കേരളഗ്രോ ഉൽപന്നങ്ങൾ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസും പുഷ്പകൃഷി ഉൽപന്നങ്ങൾ കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സബിത നാസറും സ്വീകരിച്ചു. കർഷകരായ കെ. അബ്ദുൽ റസാക്ക്, കെ. കെ. ഷാജി എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. കർഷകരിൽ നിന്നും നേരിട്ട് ഉപഭോക്താവിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് കൃഷിവകുപ്പ് കർഷകചന്തകൾ സംഘടിപ്പിച്ചിട്ടുള്ളത്.
കൃഷിഭവനുകൾ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ, ഹോർട്ടികോർപ് എന്നിവ കേന്ദ്രീകരിച്ച് 2,000 കർഷകചന്തകളാണ് സംസ്ഥാനമുടനീളം ഒരുക്കിയിട്ടുള്ളത്. പൊതുവിപണിയിലെ വിലയുടെ 10 ശതമാനത്തിലധികം നൽകി കൃഷി വകുപ്പ് കർഷകരിൽ നിന്നും സംഭരിക്കുന്ന പഴങ്ങളും പച്ചക്കറികളും 30 ശതമാനം വിലക്കുറവിലാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. കേരളാഗ്രോ ഉൽപന്നങ്ങളും, ഭൗമസൂചിക ഉൽപന്നങ്ങളും ചന്തയിൽ ലഭ്യമാണ്. വ്യാഴാഴ്ച്ച വരെ ചന്തകൾ പ്രവർത്തിക്കും.