ഓന്മെൻ്റഡ് റിയാലിറ്റി (എആര്‍) സാങ്കേതികവിദ്യയിലൂടെ പുനരാവിഷ്‌കരിച്ച ചാലിയം കോട്ടയുടെ ചരിത്രം സൈന്‍ ബോര്‍ഡിലെ ക്യുആര്‍ കോഡിലൂടെ അറിയാനാവും. ഓഗ്മന്റഡ് റിയാലിറ്റി, ത്രീഡി സാങ്കേതികവിദ്യ എന്നിവയിലൂടെ വിവരണാത്മകവും ഇൻ്ററാക്ടീവുമായ സൈനേജുകള്‍ ഉപയോഗിച്ചാണ് 450 വര്‍ഷം പഴക്കമുള്ള കോട്ടയുടെ ചരിത്രം പുനരാവിഷ്‌കരിച്ചിരിക്കുന്നത്. കോട്ടയുടെ ത്രീഡി മോഡല്‍, ചരിത്രവിവരണങ്ങള്‍ നല്‍കുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വീഡിയോകള്‍, പുനരാവിഷ്‌കരിച്ച കോട്ടയിലൂടെയുള്ള വെര്‍ച്വല്‍ നടത്തം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത അനുഭവങ്ങള്‍ സന്ദര്‍ശകര്‍ക്ക് മൊബൈല്‍ ഫോണില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആസ്വദിക്കാം.
advertisement
1531- ല്‍ ചാലിയം പ്രദേശത്ത് സുഗന്ധവ്യഞ്ജന വ്യാപാരം നിയന്ത്രിക്കാനായി പോര്‍ച്ചുഗീസുകാര്‍ പണിതതാണ് ചാലിയം കോട്ട. വ്യാപാര മേല്‍ക്കോയ്മ ലക്ഷ്യമിട്ട് പണിത കോട്ട കോഴിക്കോട്ടെ ഭരണാധികാരിയായിരുന്ന സാമൂതിരിയുടെ അധികാരത്തിനു നേരെയുള്ള വെല്ലുവിളിയായി മാറുകയും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തതോടെ, കോട്ട തകര്‍ക്കാന്‍ സാമൂതിരി തൻ്റെ നാവികസേന തലവന്‍ കുഞ്ഞാലിമരയ്ക്കാര്‍ മൂന്നാമനെ ചുമതലപ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങളോളം നീണ്ട പ്രതിരോധത്തിനൊടുവില്‍, 1571-ല്‍ കര വഴിയും കടല്‍ മാര്‍ഗവുമുള്ള ശക്തമായ ആക്രമണത്തിലൂടെ സാമൂതിരി സേന കോട്ട പിടിച്ചടക്കി പൂര്‍ണമായി നശിപ്പിച്ചതായാണ് ചരിത്രം.