സംസ്ഥാനത്ത് സമ്പൂർണ യുഡിഐഡി രജിസ്ട്രേഷൻ പൂർത്തിയാക്കിയ ആദ്യ ജില്ലയാണ് കോഴിക്കോട്. ജില്ലയിൽ ഭിന്നശേഷിക്കാരായ 57,777 പേരുടെ യുഡിഐഡി രജിസ്ട്രേഷനാണ് പൂർത്തീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം ഭിന്നശേഷിക്കാരുള്ള മൂന്നാമത്തെ ജില്ലയാണ് കോഴിക്കോട്. സാമൂഹികനീതി വകുപ്പിൻ്റെ 2019ലെ സർവ്വേ പ്രകാരം ജില്ലയിൽ 57,000 ഭിന്നശേഷിക്കാരുണ്ടെന്നാണ് കണക്കാക്കിയിരുന്നത്. മുഴുവൻ ഭിന്നശേഷിക്കാരുടെയും യുഡിഐഡി രജിസ്ട്രേഷൻ പൂർത്തീകരിക്കാനായി 'തന്മുദ്ര' രണ്ടാംഘട്ട ക്യാമ്പയിൻ നടത്തിയിരുന്നു. സാമൂഹിക സുരക്ഷാ മിഷൻ വഴി 2024 ഏപ്രിലിൽ പൂർത്തിയാക്കിയ തന്മുദ്ര സർവ്വേ പ്രകാരം ജില്ലയിൽ 57,370 ഭിന്നശേഷിക്കാരെയാണ് കണ്ടെത്തിയത്. എന്നാൽ ഇതിൽ 44,000 പേര് മാത്രമായിരുന്നു സ്വാവലംബൻ പോർട്ടലിൽ രജിസ്റ്റർ ചെയ്‌തത്. തുടർന്ന് കോഴിക്കോട് ജില്ലയിൽ വിവിധ ബ്ലോക്കുകളിലും നഗരസഭകളിലും 33 വികേന്ദ്രീകൃത ഡാറ്റ ക്യാമ്പുകളും മെഗാ രജിസ്ട്രേഷൻ ഡ്രൈവും നടത്തിയാണ് 57,777 പേരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. ഭിന്നശേഷി അവകാശ നിയമപ്രകാരം വിവിധ ആവശ്യങ്ങൾക്ക് അടിസ്ഥാന രേഖയായി പരിഗണിക്കുന്ന ഏകീകൃത തിരിച്ചറിയൽ കാർഡാണ് ഇതിലൂടെ ലഭ്യമാവുന്നത്.
advertisement