ക്യാമ്പുകൾ വഴി ആയുർവേദ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യം എല്ലാവർക്കും ലഭ്യമാക്കും. ആരോഗ്യ പരിപാലനത്തിനായി എല്ലാ വാർഡുകൾ കേന്ദ്രീകരിച്ചും വയോ ക്ലബ് വഴി യോഗ പരിശീലനം, ബോധവത്കരണ പരിപാടികൾ, പരിശീലന പരിപാടികൾ, കൂട്ടായ്മകൾ എന്നിവയും മാനസികാരോഗ്യത്തിനായി വയോ ക്ലബുകൾ വഴി കലാ-കായിക-സാംസ്‌കാരിക പരിപാടികളും ഒരുക്കുന്നുണ്ട്.
സന്ധി, അസ്ഥി, മാനസികാരോഗ്യം, നേത്രം, ഇഎൻടി, സ്ത്രീ രോഗം തുടങ്ങി വയോജനങ്ങൾക്ക് വേണ്ട സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങളും ഉണ്ടാകും. കിടപ്പിലായവർക്കും പ്രായാധിക്യം കാരണം വീട്ടിൽ കഴിയുന്നവർക്കും ഹോം കെയർ സംവിധാനവും കാരുണ്യ പാലിയേറ്റിവ് കെയർ പദ്ധതിയും, ഹർഷം മാനസികാരോഗ്യ പദ്ധതി, ഒസ്ടിയോപെറോസിസ് പദ്ധതി, വയോമിത്രം, സ്വാസ്ഥ്യ എൻസിഡി, ആയുർയോഗ പദ്ധതികൾ, നേത്രം ഇ എൻ ടി ക്ലിനിക്, പഞ്ചകർമ ചികിത്സാ സൗകര്യം എന്നിവയും പദ്ധതിയിൽ ലഭ്യമാക്കും.
advertisement
പദ്ധതി വഴി നടപ്പാക്കുന്ന വാർഡ് തല ആരോഗ്യ സ്‌ക്രീനിങ് ക്യാമ്പുകൾക്ക് പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ആദ്യ മെഡിക്കൽ ക്യാമ്പ് എടക്കര ജനകീയാരോഗ്യ കേന്ദ്രത്തിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ടി പ്രമീള ഉദ്ഘാടനം ചെയ്തു. ആയുഷ്യം നൂതന പദ്ധതിയുടെയും നാഷണൽ ആയുഷ് മിഷൻ വയോമിത്രം പദ്ധതിയുടെയും ഭാഗമായി അണ്ടിക്കോട് ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിലാണ് സ്‌ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചത്.