തളി മഹാക്ഷേത്രത്തിൽ വിജയദശമി നാളിൽ രാവിലെ വിദ്യാസാരസ്വത പുജയോടെ തുടക്കമാകും. രാവിലെ എട്ടിന് മേൽശാന്തി കെ. നാരായണൻ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. ആദ്യാക്ഷരം കുറിച്ച ശേഷം വാഹന പൂജയുമുണ്ടാകും. തളിയമ്പലം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ, പാർവ്വതീസമേതനായി ആനന്ദഭാവത്തിലുള്ള പരമശിവനാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ, പ്രത്യേക ക്ഷേത്രത്തിൽ ശ്രീകൃഷ്ണനും കുടികൊള്ളുന്നു. ഇരു ഭഗവാന്മാർക്കും സ്വന്തമായി കൊടിമരങ്ങളുമുണ്ട്. ഉപദേവതകളായി ഗണപതി (രണ്ട് പ്രതിഷ്ഠകൾ), ഭഗവതി (മൂന്ന് പ്രതിഷ്ഠകൾ), നരസിംഹമൂർത്തി, ശാസ്താവ്, എരിഞ്ഞപുരാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കൂടാതെ, സമീപം തന്നെ സുബ്രഹ്മണ്യൻ, ശ്രീരാമൻ, വേട്ടയ്ക്കൊരുമകൻ എന്നീ ദേവന്മാരുടെ ക്ഷേത്രങ്ങളുമുണ്ട്. കോഴിക്കോട് നഗരമധ്യത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന തളി ശിവക്ഷേത്രത്തിൽ വിജയദശമി ദിനം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ എത്തിച്ചേരുന്നത് നിരവധി മനുഷ്യരാണ്.
advertisement