ഇതിനകം തന്നെ പതിനാല് ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള നോവലിന്റെ അഞ്ച് ലക്ഷത്തിലധികം കോപ്പികളാണ് പുറത്തിറങ്ങിയിട്ടുള്ളത്. എം.ടി യുടെ ഭാഷയും ശൈലിയും സൗന്ദര്യവും തന്മയത്വവും ചോരാതെ പരിഭാഷ നടത്തുക എന്ന ശ്രമകരമായ ദൗത്യം പരിഭാഷകർ വിജയകരമായി തന്നെ പൂർത്തീകരിച്ചിട്ടുണ്ട്.
ഗീതാ കൃഷ്ണൻ കുട്ടി തയ്യാറാക്കിയ നാലുകെട്ടിന്റെ ഇംഗ്ലീഷ് പരിഭാഷ ഉണ്ടെങ്കിലും അടിസ്ഥാന കൃതി തന്നെയാണ് മൊഴി മാറ്റത്തിനായി പരിഭാഷകർ ആശ്രയിച്ചത്. മലയാളികൾക്ക് മാത്രം അറിയുന്ന ശീലങ്ങളും ആചാരങ്ങളും ചുരുങ്ങിയ വാക്കുകളിൽ അടിക്കുറിപ്പ് ആയി പരിഭാഷയിൽ വിശദീകരിക്കുന്നുണ്ട്. ഇത് വായനക്കാർക്ക് ഏറെ സഹായകരമാണ്.
advertisement
വളാഞ്ചേരി മർക്കസിൽ നിന്നാണ് വാഫി ബിരുദാനന്തര ബിരുദം നേടിയ മുസ്തഫയും അനസും ഒരു വർഷം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് തങ്ങളുടെ ഉദ്യമം പൂർത്തീകരിച്ചത്. അബൂദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് സുപ്രീം കോടതിയിലെ ബഹുഭാഷാ പരിഭാഷകനാണ് മുസ്തഫ വാഫി.എല്ലാ ആഴ്ചയിലും അദ്ദേഹം തയ്യാറാക്കുന്ന യു.എ.ഇ യുടെ ഔദ്യോഗിക ഖുത്വുബ ഓഡിയോ പരിഭാഷ ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ പി.ജി പൂർത്തീകരിച്ച അനസ് വാഫി കണ്ണൂരിലെ അഴിയൂർ ജുമാമസ്ജിദിലെ ഇമാമാണ്.
തകഴിയുടെ ചെമ്മീനും ബെന്യാമിന്റെ അടുജീവിതത്തിനും പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെയ്ക്കും ശേഷം അറബിയിലേക്ക് മൊഴിമാറ്റപ്പെടുന്ന പ്രമുഖ മലയാള നോവലാണ് നാലുകെട്ട്.ആഖ്യാന ശൈലി കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ നാലുകെട്ട് അറബ് ലോകത്തും വായനക്കാരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.