കൊച്ചിയിലെ ആഡംബരഹോട്ടലായ ക്രൗൺ പ്ലാസയിൽ ഞാനും ക്യാമറമാൻ അനിൽ നീലേശ്വരവും എത്തിയപ്പോൾ ബുധനാഴ്ച രാത്രി 11 മണിയായി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹോട്ടലിൽ ഉണ്ടെന്ന് അറിഞ്ഞാണ് രാത്രി വൈകിയും ഹോട്ടലിലേക്ക് എത്തിയത്. ആദ്യദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ബിഷപ്പ് വിശ്രമിക്കുന്നത് ക്രൗൺ പ്ലാസയിലെ പത്താം നിലയിലാണെന്ന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ഹോട്ടലിൽ എത്തിയ ഞങ്ങൾ ആ നിലയിൽ മുറി ചോദിച്ചു. എന്നാൽ 9, 10, 11 നിലകളിലെ എല്ലാ മുറികളും ബുക്ക്ഡ് എന്നായിരുന്നു ജീവനക്കാരുടെ മറുപടി.
advertisement
ഒടുവിൽ പതിനാലാം നിലയിൽ 1407 എന്ന നമ്പർ റൂമാണ് ഞങ്ങൾക്ക് ലഭിച്ചത്. മുറിയിലേക്ക് പോകാൻ ലിഫ്റ്റിൽ കയറി. പത്താം നിലയിൽ ഇറങ്ങാമെന്ന് വിചാരിച്ചപ്പോൾ മേൽപറഞ്ഞ നിലകളിലേക്ക് ലിഫ്റ്റ് സർവീസ് ഇല്ലായെന്ന് മനസിലായി. ഈ നിലകളിലേക്ക് കടക്കാനുള്ള മറ്റ് മാർഗങ്ങളും ഇല്ലായെന്ന് കണ്ടതോടെ ഇനിയെല്ലാം നാളെ എന്ന തീരുമാനത്തോടെ നേരെ മുറിയിലേക്ക് പോയി.
വൈകിയാണ് ഉറങ്ങാൻ കിടന്നതെങ്കിലും എങ്ങനെയെങ്കിലും ബിഷപ്പിനെ കാണണമെന്ന ചിന്തയായിരുന്നു മനസിൽ. അതിരാവിലെ എഴുന്നേറ്റ് റിസപ്ഷനിൽ എത്തി. ബിഷപ്പ് നടക്കാനിറങ്ങിയാലോ എന്ന ചിന്തയിൽ അവിടെ തന്നെ ഇരുപ്പായി. പിന്നീട് ഭക്ഷണം കഴിക്കാൻ വന്നാലോ എന്ന് വിചാരിച്ച്
റെസ്റ്റോറന്‍റിൽ പോയി ഇരുന്നു. എന്നാൽ, ഒരിടത്തും ബിഷപ്പിന്‍റെ നിഴൽ പോലും കണ്ടില്ല.
രക്ഷയില്ലാതെ വീണ്ടും റിസപ്ഷനിൽ എത്തി. അവിടെ ഇരിക്കുമ്പോൾ ഞങ്ങൾ കണ്ടത് ബിഷപ്പിനെ കാണാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരും ലിഫ്റ്റിൽ പെട്ട് നിൽക്കുന്നതാണ്.
ബിഷപ്പ് ഇപ്പോൾ ഇറങ്ങുമെന്ന ഉദ്വേഗജനകമായ നിമിഷങ്ങൾ. എന്നാൽ റിസപ്ഷനിൽ കാത്തുനിന്ന ഞാൻ അടക്കമുള്ള മാധ്യമപ്രവർത്തകരുടെ കണ്ണുവെട്ടിച്ച് ലിഫ്റ്റിൽ ബിഷപ്പിനെയും കൊണ്ട് പാർക്കിങ് ഏരിയയിൽ എത്തി പൊലീസ്
തൃപ്പൂണിത്തുറയിലേക്ക് യാത്ര തിരിച്ചു. ബിഷപ്പിന്‍റെ പ്രതികരണം തേടി എത്തിയ ഞങ്ങൾക്ക് നിരാശയോടെ മടങ്ങേണ്ടിവന്നെങ്കിലും ആകാംക്ഷ നിറഞ്ഞതായിരുന്നു ആ നിമിഷങ്ങൾ.
(ന്യൂസ് 18 കേരളത്തിന്‍റെ കൊച്ചി റിപ്പോർട്ടർ ആണ് എസ് എസ് ശരൺ)
