എൻഎസ്എസ് പുറത്തിറക്കിയ പത്രകുറിപ്പിന്‍റെ പൂർണരൂപം
ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കെതിരെയുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ നിലപാട് അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമാണ്. സുപ്രീംകോടതിയുടെ വിധിയുടെ പേരിലാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത് എന്നാണ് സര്‍ക്കാർ നിലപാട്. വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിലനില്ക്കുന്ന സാഹചര്യത്തില്‍ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ റിവ്യൂഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ, കോടതിയെ സാഹചര്യം ബോദ്ധ്യപ്പെടുത്തുന്നതിനോ സര്‍ക്കാര്‍ തയാറാകുന്നില്ല. മാത്രമല്ല, ദേവസ്വം ബോര്‍ഡിനെ അതിന് അനുവദിക്കുന്നുമില്ല.
അടിയന്തരാവസ്ഥയ്ക്കു തുല്യമായ തരത്തില്‍ വിശ്വാസികള്‍ക്കെതിരെ പൊലീസ് നടപടികളുമായി സര്‍ക്കാര്‍ നീങ്ങുകയാണ്. പന്തളംകൊട്ടാരത്തെയും അവകാശികളെയും തന്ത്രിപ്രമുഖരെയും മുഖ്യമന്ത്രിയും മറ്റു ചില മന്ത്രിമാരും വിലകുറഞ്ഞ ഭാഷയില്‍ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. ഇത് കോടിക്കണക്കിനുള്ള വിശ്വാസികളുടെ മനസിന് മുറിവേല്പിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇത്തരം നടപടി ഒരു ജനാധിപത്യസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
advertisement
നായര്‍ സര്‍വീസ് സൊസൈറ്റി ഈ വിഷയത്തില്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നിയമപരമായ രീതിയിലും സമാധാനപരമായ മാര്‍ഗ്ഗത്തിലും ഈ വിഷയത്തില്‍ പ്രതികരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒക്ടോബര്‍ 31, നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പതാകാദിനമാണ്. സംസ്ഥാനമൊട്ടാകെ കരയോഗതലത്തില്‍ പതാക ഉയര്‍ത്തിയതിനുശേഷം ബന്ധപ്പെട്ട ക്ഷേത്രങ്ങളില്‍ വഴിപാടും കരയോഗമന്ദിരത്തില്‍ ശ്രീഅയ്യപ്പന്‍റെ ചിത്രത്തിനു മുമ്പില്‍ നിലവിളക്ക് കൊളുത്തി വിശ്വാസസംരക്ഷണനാമജപവും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
