ന്യൂഡൽഹി: മുനമ്പം മനുഷ്യക്കടത്ത് കേസിൽ ഒരാൾകൂടി പിടിയിൽ. ഡൽഹി അംബേദ്കർ നഗറിൽ താമസക്കാരനായ രവി സനൂപ് രാജയാണ് കേരള പൊലീസ് സംഘത്തിന്റെ പിടിയിലായത്. കുടുംബാംഗങ്ങളെ മുനമ്പത്തു നിന്ന് ബോട്ടിൽ കയറ്റി അയച്ച ശേഷം രവി ഡൽഹിയിൽ തിരിച്ചെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡൽഹിയിൽ നിന്ന് കേരളത്തിൽ എത്തി ന്യൂസിലാന്റിലേക്കുള്ള ബോട്ടിൽ കയറാൻ ആകാതെ മടങ്ങിയവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രവി സനൂപ് രാജ പൊലീസ് വലയിലായത്. രവി കേരളത്തിൽ വന്നതായും പദ്ധതി ആസൂത്രണം ചെയ്തവരുമായി സമ്പർക്കം പുലർത്തിയതായുമാണ് പൊലീസ് നിഗമനം. ഡൽഹി സാകേത് കോടതി പരിസരത്ത് നിന്ന് ആലുവ എസ്‌ഐ സാബു കെഎ, മേരിദാസൻ എന്നിവരാണ് രവിയെ പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം രവിയെ കേരളത്തിലേക്ക് കൊണ്ടുപോയി. സഹോദരങ്ങളും കുടുംബാംഗങ്ങളും ബോട്ടിൽ പോയതായും തനിക്ക് നേരിട്ട് ബന്ധമില്ലെന്നുമാണ് രവിയുടെ വാദം.
advertisement
21 പിടിച്ചുപറി, മോഷണ കേസുകളിൽ പ്രതിയാണ് രവി. അംബേദ്കർ നഗർ കേന്ദ്രീകരിച്ചു പ്രവത്തിക്കുന്ന മാല മോഷണ സംഘവുമായി ബന്ധപ്പെട്ടാണ് ഈ കേസുകൾ. രവിയെയും പ്രഭുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാകും ഇനി അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിലൂടെ ശ്രീകാന്ത്, രവീന്ദ്ര, ശാന്തകുമാർ, ശിവ്പാൽ എന്നീ മുഖ്യ ആസൂത്രകരുടെ വിവരങ്ങൾ ലഭ്യമാക്കാമെന്നാണ് കണക്ക് കൂട്ടൽ. ബോട്ടിൽ പോകാൻ ആകാതെ ഡൽഹിയിൽ തിരിച്ചെത്തിയ 19 പേരിൽ രണ്ടു പേർ പിടിയിലായതോടെ മറ്റുള്ളവർ അംബേദ്കർ നഗർ കോളനിയിൽ നിന്ന് മാറി നിൽക്കുകയാണ്.

