കേരളത്തില്‍ ഉല്‍പാദനം കൂട്ടിയാല്‍ പുറത്തെ ഡിസ്റ്റിലറികള്‍ക്കു നഷ്ടം വരും. ഇതു രമേശ് ചെന്നിത്തലയ്ക്കും അറിയാം. തൊഴിലവസരങ്ങള്‍ കൂടുന്നത് എങ്ങനെ സംസ്ഥാന താല്‍പര്യത്തിന് എതിരാവും. സാധാരണഗതിയില്‍ ഡിസ്റ്റിലറികള്‍ തുടങ്ങാന്‍ പരസ്യം നല്‍കാറില്ല. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു സര്‍ക്കാരിനെതിരെ തിരിച്ചുവിടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മൂന്നു ബ്രൂവറിക്കും രണ്ട് ബ്ലന്റെിങ് കോംപൗണ്ടിങ് ആന്റ് ബോട്‌ലിങ് യൂണിറ്റുകള്‍ക്കുമാണ് തത്വത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. പൊതുസംവിധാനത്തിനകത്തുള്ള രണ്ട് യൂണിറ്റുകള്‍ക്ക് ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഉത്പാദന കേന്ദ്രത്തില്‍ നിന്ന് ചില്ലറ വില്‍പന ഉണ്ടാവില്ല. അതുകൊണ്ടു തന്നെ മദ്യം ഒഴുക്കുകയെന്ന പ്രശ്‌നം വരുന്നേയില്ല.
advertisement
ഇവിടെ ഉല്‍പാദിപ്പിക്കുന്ന മദ്യം ബിവറേജ് കോര്‍പറേഷനാണ് നല്‍കുക. നിലവില്‍ മദ്യത്തിന്റെ എട്ടു ശതമാനവും ബിയറിന്റെ 40ശതമാനവും പുറത്തു നിന്നാണ് ബിവറേജ് കോര്‍പ്പറേഷന് ലഭിക്കുന്നത്. ഇവിടെ ഉത്പാദനം ആരംഭിച്ചാല്‍ പുറത്തു നിന്നു വരുന്ന എട്ട് ശതമാനം ആവശ്യമായി വരില്ല. പുറത്തു നിന്ന് മദ്യം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് നഷ്ടമുണ്ടാവും. ഇത്തരം സ്ഥാപനങ്ങള്‍ വരുമ്പോള്‍ സംസ്ഥാനത്ത് നൂറു കണക്കിന് തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയും നികുതി ഇനത്തില്‍ വരുമാന വര്‍ധനയുമുണ്ടാവുകയും ചെയ്യും. ഇത് സംസ്ഥാന താല്‍പര്യത്തിനെതിരാണെന്ന് പ്രതിപക്ഷ നേതാവിനു മാത്രമേ പറയാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയ നഷ്ടവുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിക്കും. 2505കോടിയുടെ നഷ്ടമാണ് ലോകബാങ്ക്, എ.ഡി.ബി സംഘങ്ങള്‍ കണക്കാക്കിയത്. എന്നാല്‍ ഈ നഷ്ടത്തേക്കാള്‍ വലുതാണ് സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ നഷ്ടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് പ്രവാസികളുടെ സഹായം ആവശ്യപ്പെട്ട് മന്ത്രിമാരുടെ സംഘം ഈ മാസം 17 മുതല്‍ 20വരെയുള്ള ദിവസങ്ങളില്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു.