ഈ സർക്കാരിന്റെ കാലത്ത് ക്ലിഫ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങളാണ് ടി സിദ്ദിഖ് ആവശ്യപ്പെട്ടത്. 14 പൂര്‍ത്തിയായ പ്രവൃത്തികളുടെ കണക്കാണ് മന്ത്രി ഇപ്പോൾ നിയമസഭയെ അറിയിച്ചിരിക്കുന്നത്.
2021 മുതല്‍ 2023 വരെ മാത്രം ആകെ 1,80,81,000 രൂപയുടെ നിര്‍മാണ പ്രവൃത്തികളാണ് ക്ലിഫ് ഹൗസില്‍ നടത്തിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത് സുരക്ഷാ ഗാർഡിന്റെ റൂമിന്റെ നിര്‍മാണത്തിനാണ്. 98 ലക്ഷം രൂപ. ലിഫ്റ്റ് സ്ഥാപിക്കാനായി 17 ലക്ഷവും ക്ലിഫ്ഹൗസിലെ പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കാൻ 5.65 ലക്ഷവും ചെലവാക്കി.
advertisement
രണ്ടുതവണയായി ശുചിമുറിയുടെ അറ്റകുറ്റപ്പണിക്കായി 2.95 ലക്ഷം രൂപയാണ് ചെലവിട്ടത്. പെയിന്റിങ്ങിന് 12 ലക്ഷം രൂപയും വിനിയോഗിച്ചു. ബാക്കിയുള്ള പ്രവൃത്തികൾക്കായി ടെണ്ടര്‍ നടപടികള്‍ തുടരുകയാണ്. പൂര്‍ത്തിയായ പ്രവൃത്തികളില്‍ ഏറ്റവും കൂടുതല്‍ തുകയുടെ കരാര്‍ ലഭിച്ചത് ഊരാളുങ്കലിനാണ്.