ആരാണ് തന്ത്രി ?
ക്ഷേത്രത്തിലെ ദൈവികമായ കാര്യങ്ങളെക്കുറിച്ചുള്ള വിധി പറയുന്നതിനുള്ള അധികാരം തന്ത്രിക്കാണെന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവന്റെയോ ദേവിയുടെയോ പിതാവിന്റെ സ്ഥാനമാണ് തന്ത്രി സ്ഥാനം വഹിക്കുന്നവര്‍ക്ക് കല്‍പ്പിച്ച് കൊടുത്തിരിക്കുന്നത്. വിഗ്രഹങ്ങള്‍ ആചാരനുസരണം പ്രതിഷ്ഠിക്കുക, പൂജാദികര്‍മങ്ങള്‍ നിശ്ചയിക്കുക, നടത്തുക, നടത്തിക്കുക എന്നതാണ് താന്ത്രികാവകാശം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ചെങ്ങന്നൂർ താഴമണ്‍ കുടുംബത്തിൽ പുരുഷന്മാര്‍ക്കാണ് ക്ഷേത്രങ്ങളുടെ താന്ത്രികാവകാശം. ഉപനയനത്തോടെയാണ് താഴമണ്‍ കുടുംബത്തിലെ പുരുഷന്മാര്‍ക്ക്, പാരമ്പര്യമായി കൈമാറി വരുന്ന അവരുടെ ക്ഷേത്രങ്ങളുടെ താന്ത്രികാവകാശം ലഭിക്കാന്‍ പ്രാപ്തരാവുന്നത്. താഴമണ്‍ കുടുംബത്തിലെ പുരുഷന്മാര്‍ അവരുടെ പേരിനൊപ്പം ‘കണ്ഠരര്’ എന്നതും കൂടി ചേര്‍ക്കും. കുടുംബത്തിലെ സ്ഥാനം കൊണ്ട് മൂത്ത് ആളാണ് ഇവര്‍ക്ക് അവകാശമുള്ള ക്ഷേത്രങ്ങളുടെ അവസാന വാക്ക്.സ്വയം തന്ത്രി സ്ഥാനം (ആചാരനുസരണം) ഒഴിവാക്കുകയല്ലാതെ മറ്റൊരാള്‍ക്കും ഇത് മാറ്റാന്‍ സാധിക്കില്ലെന്നാണ് വൈദികശാസ്ത്രം.
advertisement
രാഹുല്‍ ഈശ്വര്‍ ഹൈന്ദവ സമൂഹത്തിന്റെ 'പ്രതിനിധി' ആയി മാറിയത് എങ്ങനെ?
ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരുമായി ബന്ധപ്പെട്ട ബ്ലാക് മെയിലിംഗ് കേസിന് പിന്നാലെയാണ് രാഹുൽ ഈശ്വർ 'തന്ത്രി കുടുംബാംഗ'മായി മലയാള ദൃശ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. 2006 ജൂലൈ 23നായിരുന്നു ഈ സംഭവം. കണ്ഠരര് മോഹനരെ എറണാകുളത്ത് ഫ്ലാറ്റില്‍ കൊണ്ട് വന്ന് ഒരു സ്ത്രീക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്തെന്നും ആഭരണങ്ങൾ കവർന്നെന്നുമാണ് കേസ്. തന്ത്രി അനാശാസ്യത്തിനാണ് ഫ്ലാറ്റിലെത്തിയതെന്നായിരുന്നു ആദ്യനാളുകളിൽ ഉയർന്ന ആക്ഷേപം. കടുത്ത പ്രതിരോധത്തിലായ തന്ത്രി കുടുംബത്തിന് വേണ്ടി വാദിക്കാൻ വാർത്താചാനലുകളിൽ പ്രത്യക്ഷപ്പെട്ട ഏകവ്യക്തി രാഹുൽ ഈശ്വറായിരുന്നു. ആ സമയത്ത് ഒരു മുഴു സമയ മ്യൂസിക് ചാനലിലെ ജനപ്രിയ ആങ്കർ ആയിരുന്നു രാഹുൽ.പിന്നീട് ഇങ്ങോട്ട് ഹൈന്ദവ സംസ്കാരവുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും ചാനൽ ചർച്ചകളിലെ ഹൈന്ദവ സമൂഹത്തിന്റെ പ്രതിനിധിയായി രാഹുൽ ഈശ്വർ പ്രത്യക്ഷപ്പെട്ടു. ഇംഗ്ലീഷ് ഭാഷയിൽ നന്നായി സംസാരിക്കാനുള്ള കഴിവും ദേശീയ ചാനലുകളിലടക്കം രാഹുലിന് അവസരങ്ങൾ തുറന്നിട്ടു.
വെളുത്തച്ചൻ വിവാദം
അർത്തുങ്കലിലെ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നും അത് പൊളിച്ച് ക്ഷേത്രം പണിയണമെന്നും ആവശ്യപ്പെട്ട് ഒരു സംഘപരിവാർ നേതാവ് രംഗത്തെത്തിയപ്പോൾ പ്രതിരോധം തീർത്ത് രാഹുൽ ഈശ്വർ രംഗത്തെത്തി. 'നന്മയുള്ള മതസൗഹാർദമുള്ള ഭാരതീയരുള്ള അവസാന ഹിന്ദുവിന്റെ ശവശരീരത്തിൽ ചവിട്ടി മാത്രമേ നമ്മുടെ നാട്ടിൽ ആരെങ്കിലും പള്ളി പൊളിക്കൂ' എന്നായിരുന്നു അന്ന് രാഹുൽ പ്രതികരിച്ചത്. നട്ടെല്ലുള്ള ആരെങ്കിലും വാവരുടെ പള്ളിയിലോ അർത്തുങ്കൽ പള്ളിയിലോ പ്രശ്നമുണ്ടാക്കി നോക്കട്ടെ , അപ്പോ കാണാം നന്മയുള്ള ഹിന്ദുക്കളുടെ പ്രതിരോധമെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.
ഹാദിയ കേസിലെ ഇടപെടൽ
വിവാദമായ ഹാദിയവിഷയത്തിലെ രാഹുലിന്റെ ഇടപെടലുകളും വിമർശനത്തിന് വിധേയമായി. കോടതി നിർദേശപ്രകാരം വൈക്കത്തെ വീട്ടിൽ കഴിയവേ ഹാദിയയുടെ വീഡിയോ പകര്‍ത്തി പുറംലോകത്തെത്തിച്ച രാഹുല്‍ മനുഷ്യാവകാശ പ്രശ്നമായി ഉയർത്തിക്കാട്ടി. ഇതോടെ സംഘപരിവാർ അടക്കമുള്ളവർ രാഹുലിനെതിരെ തിരിഞ്ഞു. വിഷയത്തില്‍ തങ്ങൾ നടത്തിയ സമരത്തെ ഒറ്റിക്കൊടുക്കുകയായിരുന്നു രാഹുല്‍ ചെയ്തതെന്ന കടുത്ത ആക്ഷേപം അവര്‍ ഉന്നയിച്ചു. കൂടെ നിന്ന് ചതിച്ചുവെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍ പോലും രാഹുലിനെ വിമർശിച്ചു.
മതേതരപക്ഷത്ത് നില്‍ക്കുന്നയാൾ എന്ന പ്രതീതി സൃഷ്ടിക്കാനാണ് രാഹുൽ ഇതിലൂടെ ശ്രമിച്ചതെന്നാണ് ഒരുകൂട്ടർ വിമർശിച്ചത്. ഹൈന്ദവ സമൂഹത്തിന്റെ ഉന്നത സ്ഥാനീയനായി അറിയപ്പെടുമ്പോൾ തന്നെ ന്യൂനപക്ഷങ്ങളുടെ കൈയടി നേടാനുള്ള നീക്കമായാണ് ഈ നീക്കങ്ങളെയെല്ലാം ഒരു വിഭാഗം നോക്കിക്കണ്ടത്. നാട്ടിലെത്തിയ മഅ്ദനിയെ കാണാൻ രാഹുലെത്തിയതിന്റെ ചിത്രങ്ങളും പ്രചരിച്ചിരുന്നു. വിവിധ മുസ്ലിം സംഘടനകളുമായി വളരെ അടുത്ത ബന്ധമുമുള്ള രാഹുലിന് നിരവധി പുരസ്കാരങ്ങളുംലഭിച്ചിരുന്നു.
മലയാളി ഹൗസിലെ തനി സ്വരൂപം
ശബരിമല തന്ത്രി കുടുംബാംഗമെന്ന നിലയില്‍ പ്രശസ്തനായപ്പോഴാണ് ടെലിവിഷൻ റിയാലിറ്റി ഷോ ആയ മലയാളി ഹൗസിലെത്തി രാഹുല്‍ ഈശ്വര്‍ ഞെട്ടിക്കുന്നത്. പങ്കെടുക്കുക മാത്രമല്ല, ആ റിയാലിറ്റി ഷോയുടെ വിജയിയും രാഹുലായിരുന്നു. റിയാലിറ്റി ഷോയിലെ പ്രകടനങ്ങളുടെ പേരില്‍ രാഹുലിന് വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു. തന്ത്രി കുടുംബത്തില്‍പ്പെട്ട ഒരംഗം തരംതാണനിലയില്‍ പെരുമാറിയെന്നായിരുന്നു വിമര്‍ശനങ്ങളേറെയും. കൂടുതല്‍ അടുത്തതോടെ രാഹുലിനോടുള്ള ബഹുമാനം നഷ്ടമായെന്ന് മലയാളി ഹൗസിലെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന സന്തോഷ് പണ്ഡിറ്റ് തുറന്നു പറയുകയും ചെയ്തിരുന്നു.
ശബരിമല സമരത്തിൽ
ശബരിമല പ്രതിഷേധങ്ങളിൽ 'സേവ് ശബരിമല' ഹെഡ് ബാൻറ് ധരിച്ച് മുൻനിരയിൽ രാഹുൽ ഈശ്വർ ഉണ്ടായിരുന്നു. പ്രതിഷേധത്തിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്ത് കൊട്ടാരക്കര ജയിലിൽ അടച്ചു. ജയിലിലും നിരാഹാരസമരം തുടർന്നു. ഭർത്താവിനെ അന്യായമായാണ് അറസ്റ്റ് ചെയ്തതെന്ന് വിലപിക്കുന്ന ഭാര്യ ദീപയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടു.
ആചാരവും വിവാഹവും?
ആചാരം സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ച രാഹുൽ ഈശ്വറിന്റെ വിവാഹത്തെ സംബന്ധിച്ച് സന്ദീപാനന്ദഗിരി ഉന്നയിച്ച ചോദ്യം സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. ചാനൽ ചർച്ചക്കിടെ രാഹുലിന്റെ ഭാര്യ ദീപയോടായിരുന്നു ചോദ്യം. നായർ സമുദായത്തിൽപ്പെട്ട ദീപയെ രാഹുൽ വിവാഹം കഴിക്കുകയായിരുന്നോ അതോ സംബന്ധം ചെയ്യുകയായിരുന്നോ എന്നായിരുന്നു ചോദ്യം. വിവാഹം കഴിച്ചുവെന്നായിരുന്നു ദീപയുടെ മറുപടി. എന്നാൽ ആചാരപ്രകാരം നമ്പൂതിരി, നായർ സ്ത്രീയെ വിവാഹം കഴിച്ചുവെന്ന് പറയില്ലെന്നും സംബന്ധം ചെയ്തുവെന്ന് പറയാത്തതെന്തേ എന്ന ചോദ്യം ഉത്തരം മുട്ടിക്കുന്നതായിരുന്നു .
കൈവിട്ട പ്ലാൻ ബി
ജയിലിൽ നിന്നിറങ്ങിയശേഷവും പിന്മാറില്ലെന്ന നിലപാടാണ് രാഹുൽ ഈശ്വർ സ്വീകരിച്ചത്. ഇതിനിടെയാണ് യുവതികൾ പതിനെട്ടാം പടി ചവിട്ടിയാൽ ചോരവീഴ്ത്തി നട അടപ്പിക്കാൻ പദ്ധതി ഇട്ടിരുന്നതായി രാഹുൽതന്നെ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. പിന്നാലെ വാക്കിടോക്കികളുമായി മലകയറാൻ പോവുകയാണെന്നും അങ്കത്തിന് തയാറാണെന്നും വ്യക്തമാക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. ഇതോടെ രാജ്യദ്രോഹകുറ്റമാണ് രാഹുൽ നടത്തിയതെന്ന് ആരോപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ രംഗത്തെത്തി. ഇതിനുപിന്നാലെ രാഹുൽവീണ്ടും അറസ്റ്റിലായി. രാഹുലിന്റെ നടപടികൾ അതിരുവിട്ടുവെന്ന വിമർശനങ്ങൾ ഉയർന്നതോടെയാണ് താഴമൺ കുടുംബം തന്നെ രാഹുലിനെ തള്ളി നിലപാടെടുത്തത്.
രാഹുല്‍ ഈശ്വര്‍ താഴമണ്‍ കുടുംബാംഗമോ?
ആറ്റിങ്ങല്‍ പെരിയ മന ഇല്ലം (വാദ്ധ്യാര്‍ മഠം) നാരായണന്‍ നമ്പൂതിരിയുടെ മകന്‍ ഈശ്വരന്‍ നമ്പൂതിരിയുടെ മകനാണ് രാഹുല്‍ ഈശ്വര്‍. ശബരിമല തന്ത്രിയായിരുന്ന അന്തരിച്ച താഴമണ്‍ കണ്ഠരര് മഹേശ്വരുടെ മകളും തന്ത്രി കണ്ഠരര് മോഹനരുടെ സഹോദരിയുമായ മല്ലികയാണ് രാഹുലിന്റെ അമ്മ. .എന്നാൽ ബ്രാഹ്മണ ആചാരപ്രകാരം വിവാഹം ചെയ്ത് അയക്കുന്ന സ്ത്രീകള്‍ ഭർത്താവിന്റെ കുടുംബത്തിലേതാകുമെന്നും അതുകൊണ്ട് രാഹുല്‍ ഈശ്വര്‍ താഴമണ്‍ കുടുംബാംഗം അല്ലെന്നും താഴമൺ കുടുംബം പ്രസ്താവനയിൽ പറയുന്നത്. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി വാദിക്കുന്ന രാഹുല്‍ ഈശ്വറിനെ 'മേൽവിലാസം' നഷ്ടപ്പെടാൻ ഇടയാക്കിയതും മറ്റൊരു ആചാരം തന്നെയാണെന്നതാണ് ശ്രദ്ധേയം.
