TRENDING:

'സുരക്ഷയില്ലാത്ത വാഹനത്തിൽ തീർത്ഥയാത്രയ്ക്ക് പോകുമ്പോൾ രക്ഷിക്കാൻ കുട പിടിക്കലല്ല ദൈവത്തിന്‍റെ പണി'

Last Updated:

സിറ്റിയിൽ സ്‌കൂൾ വാൻ ആയി ഓമ്നി വാൻ ഉപയോഗിക്കുന്നുണ്ട്. സിറ്റിയിലെ ചെറിയ വേഗതയിൽ താരതമ്യേന സുരക്ഷിതമാണത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ചെറിയ വാഹനത്തിൽ പരമാവധി ആളുകളെ കയറ്റിപ്പോകുന്ന നമ്മൾ പലപ്പോഴും സുരക്ഷയെക്കുറിച്ച് ആലോചിക്കാറില്ല. അപകടം വന്നു കഴിയുമ്പോൾ മാത്രമാണ് പണി കിട്ടിയല്ലോ എന്ന് ചിന്തിക്കുക. എന്നാൽ, വാഹനം വാങ്ങുമ്പോഴും യാത്രയ്ക്ക് ഒരുങ്ങുമ്പോഴും സുരക്ഷയെക്കുറിച്ച് കൂടി ചിന്തിക്കണമെന്ന് വ്യക്തമാക്കുകയാണ് സനുജ് സുശീലൻ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ.
advertisement

ഓമ്നി വാൻ ചെറുതായി ഒന്നിടിച്ചാൽ പോലും ഫലം മാരകമായിരിക്കും. സിറ്റിയിൽ സ്‌കൂൾ വാൻ ആയി ഓമ്നി വാൻ ഉപയോഗിക്കുന്നുണ്ട്. സിറ്റിയിലെ ചെറിയ വേഗതയിൽ താരതമ്യേന സുരക്ഷിതമാണത്. എന്നാൽ ഹൈവേയിൽ ഒരു സ്പീഡ് കഴിഞ്ഞാൽ പിന്നെ ഈ വാഹനത്തിൽ ഡ്രൈവർക്കെന്നല്ല ആർക്കും ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്നും സനുജ് പറയുന്നു.

സനുജ് സുശീലന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

പഴയ കമ്പനിയിൽ എൻ്റെ ഒരു സഹപ്രവർത്തകയുണ്ടായിരുന്നു. ഒരു മാനേജറാണ് അവർ . ഒരിക്കൽ ഒരു ലോങ്ങ് വീക്കെൻഡ് വന്നപ്പോൾ എന്താണ് പ്ലാൻ എന്ന് എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ചർച്ച ചെയ്യുകയായിരുന്നു. അവർ പറഞ്ഞു കുടുംബത്തിൽ നിന്ന് എല്ലാവരും കൂടി പളനിയിൽ പോകുന്നുവെന്ന്. അവരുടെ സ്വദേശവും പൊള്ളാച്ചിക്കടുത്താണ്. എത്രപേരുണ്ടെന്നു ചോദിച്ചപ്പോ മൊത്തം പതിനൊന്നു പേരുണ്ടെന്ന് പറഞ്ഞു . റൂട്ടൊക്കെ കേട്ടു കഴിഞ്ഞപ്പോ ഞാൻ ചോദിച്ചു എങ്ങനെയാണു പോവുക, ട്രെയിൻ ആണോ അതോ ഡ്രൈവിംഗ് ആണോ എന്ന്.

advertisement

അവർക്കൊരു മാരുതി വാനുണ്ട്. സിറ്റിയിൽ ഉപയോഗിക്കുന്നത് അതാണ്. ആ വണ്ടിയിലാണ് എല്ലാവരും കൂടി പളനി വരെ പോകുന്നതെന്ന് കേട്ട് സത്യം പറഞ്ഞാൽ എനിക്ക് അതിശയം തോന്നി. കുറച്ചു കൂടി വലിയ വണ്ടിയിൽ പോകരുതോ ? ഇത് സേഫ് ആണോ എന്നൊക്കെ ചോദിച്ചപ്പോ അവർ അകെ ഇമോഷണലായി. എന്നിട്ടു എന്നെ കുറേനേരം ഉപദേശിച്ചു. "പണം വെറുതെ പാഴാക്കരുത്. നമ്മളെ നോക്കൂ, വേറെ വണ്ടി വാങ്ങാൻ പണമില്ലാഞ്ഞിട്ടല്ല , പക്ഷെ സിമ്പിൾ ആയി ജീവിക്കുന്നതുകൊണ്ടാണ് അതിനൊന്നും പോകാത്തത്. വേണമെന്ന് വച്ചാൽ പതിനൊന്നല്ല ഇരുപത്തിരണ്ടു പേർക്ക് വേണമെങ്കിലും ആ വണ്ടിയിൽ പോയിവരാം, ഇതൊക്കെ നിങ്ങളുടെ വെറും തോന്നലാണ്" എന്നിങ്ങനെ പോയി ഉപദേശം. ശരിയാണ്. അവർക്ക് നല്ല ശമ്പളമുണ്ട്. ഭർത്താവും ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനാണ്. രണ്ടുപേർക്കും കൂടി ലക്ഷങ്ങളുടെ വരുമാനമുണ്ട്. "ഒന്നും പറ്റാതെ പളനിയാണ്ടവൻ രക്ഷിക്കും" എന്നാണ് അവരുടെ സംഭാഷണം അവസാനിച്ചത്. ഇത് ഏഴെട്ടു വർഷം മുന്നത്തെ സംഭവമാണ്. ഞാൻ അന്ന് പുതിയ ഫോർഡ് ഫിയസ്റ്റ കാർ വാങ്ങിയിട്ട് ആറോ ഏഴോ മാസമേ ആയിട്ടുള്ളൂ. ഇവരുടെ ഈ ഉപദേശമൊക്കെ കേട്ട് ആദ്യമായി അതിൽ ഒരു കുറ്റബോധമൊക്കെ തോന്നി.

advertisement

പളനിയിൽ പോയ സംഘം സുരക്ഷിതരായി ആയി തിരികെ വന്നു. യാത്രയിൽ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല. ട്വിസ്റ്റ് പിന്നീടാണ്. ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു ദിവസം അവർ എന്നോട് അല്പം മടിച്ചു മടിച്ചു അന്നത്തെ യാത്രയിലുണ്ടായ ഒരു സംഭവം പറഞ്ഞു. പളനിയിൽ പോകുന്ന വഴി എവിടെയോ വച്ച് ഒരു പശു റോഡിൽ വന്നു വണ്ടിയുടെ മുന്നിൽ ചാടി. അതോടെ വാനിൻ്റെ കണ്ട്രോൾ പോയി. റോഡിനു ഒരു വശത്തുള്ള പുളിമരം ലക്ഷ്യമാക്കി വണ്ടി പാഞ്ഞു. റോഡിനിരുവശത്തും പുളി മരങ്ങൾ ഒരുപാടു നിൽപ്പുണ്ട്. അത് കഴിഞ്ഞാൽ കൃഷിസ്ഥലങ്ങളാണ്. അതിലേയ്ക്ക് വാഹനങ്ങൾ വീഴാതിരിക്കാൻ ചെറിയ കോൺക്രീറ്റ് കുറ്റികൾ വച്ചിട്ടുണ്ട്. റോഡിനും കുറ്റികൾക്കും ഇടയിലുള്ള സ്ഥലം അല്പം കുഴഞ്ഞു മറിഞ്ഞു കിടക്കുകയായിരുന്നു. അതിലേക്കിറങ്ങിയതോടെ വണ്ടിയുടെ വേഗത കുറഞ്ഞു. സിമന്റ് കുറ്റിയിൽ പോയി ഇടിച്ചു നിന്നു. അതിശയമെന്നു പറയട്ടെ ആർക്കും കാര്യമായി ഒന്നും പറ്റിയില്ല. വണ്ടി നിറയെ ആളുണ്ടായിരുന്നതുകൊണ്ടു അങ്ങോട്ടുമിങ്ങോട്ടും ഇടിച്ചു ചെറിയ നീരൊക്കെ വച്ചു എന്നല്ലാതെ ഒരു തുള്ളി ചോര പോലും പൊടിയാതെ അവർ രക്ഷപെട്ടു. ആ ഷോക്കിൽ മുതിർന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന എട്ടുപേരുടെ സംഘം തിരിച്ചുള്ള യാത്ര ട്രെയിനിലാക്കി. ബാക്കിയുള്ളവർ ആ വണ്ടി തിരിച്ചോടിച്ചു ബാംഗ്ളൂരിലെത്തിച്ചു. അന്നെന്നെ ഉപദേശിച്ച ജാള്യതയിലാണ് അവർ ആദ്യം ഇത് തുറന്നു പറയാൻ മടിച്ചത്. ഇനി മേലിൽ ഇപ്പരിപാടിക്കില്ല എന്നവർ പ്രതിജ്ഞയെടുത്തു.

advertisement

ഇന്ന് വാളയാറിൽ നടന്ന ഈ അപകട വാർത്ത കണ്ടപ്പോളാണ് ഇതൊക്കെ ഓർമ വന്നത്. പന്ത്രണ്ടു പേരുണ്ടായിരുന്നു ആ വാനിൽ. അഞ്ചു പേരാണ് മരിച്ചത്. പലരും ഗുരുതരാവസ്ഥയിലാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ഇങ്ങനെ ആൾക്കാർ കുത്തി നിറഞ്ഞിരുന്ന വാൻ അതിവേഗതയിലാണ് ആ ലോറിയിൽ വന്നിടിച്ചത്. അതുകൊണ്ടാണ് ആഘാതം ഇത്രയ്ക്ക് കടുത്തതായത്.

ഓമ്നി വാൻ ചെറുതായി ഒന്നിടിച്ചാൽ പോലും ഫലം മാരകമായിരിക്കും . കർണാടകയിലും തമിഴ് നാട്ടിലും പലയിടത്തും ഡ്രൈവ് ചെയ്യുമ്പോൾ റോഡിൽ ഈ കാഴ്ച കണ്ടിട്ടുണ്ട്. മാരുതി വാനിൽ കുത്തി നിറഞ്ഞു നല്ല സ്പീഡിൽ പോകുന്നവർ. ഓമ്നി തവിടു പൊടിയായി കിടക്കുന്ന ചില അപകടങ്ങൾ പലയിടത്തും കണ്ടിട്ടുമുണ്ട്. എനിക്കേറ്റവും ഭയമുള്ള ഒരു വണ്ടിയാണ് ഓംനി വാൻ. ഡ്രൈവർക്കും റോഡിനും ഇടയിൽ ഒരു കുന്തവുമില്ല. എവിടെയെങ്കിലും ഇടിച്ചാൽ ഡ്രൈവർക്ക് ചെറിയ രീതിയിലെങ്കിലും എന്തെങ്കിലും പറ്റാൻ സാദ്ധ്യത കൂടുതലാണ്.

advertisement

സിറ്റിയിൽ സ്‌കൂൾ വാൻ ആയി ഓമ്നി വാൻ ഉപയോഗിക്കുന്നവരുണ്ട്. സിറ്റിയിലെ ചെറിയ വേഗതയിൽ താരതമ്യേന സുരക്ഷിതമാണത്. പക്ഷെ ഹൈവേയിലോ ? ഒരു സ്പീഡ് കഴിഞ്ഞാൽ പിന്നെ ഈ വാഹനത്തിൽ ഡ്രൈവർക്കെന്നല്ല ആർക്കും ഒരു നിയന്ത്രണവും ഉണ്ടാവില്ല. സിറ്റിയിലൊക്കെ ട്രാഫിക്കിനിടയിൽ ഓടിച്ചു നടക്കാൻ പറ്റിയതും സാധനങ്ങളും ആൾക്കാരെയും അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകാൻ പറ്റിയതും ചെറിയ വേഗത്തിൽ സുരക്ഷിതവുമാണ് എന്ന് കരുതി എല്ലായിടത്തും ഉപയോഗിക്കാൻ പറ്റിയ ഒരു വാഹനമേയല്ലിത്.

ആരോടെങ്കിലും ഇതിനെപ്പറ്റി ഉപദേശിക്കാൻ പോയാൽ അവരെ കൊച്ചാക്കി സംസാരിക്കുന്നതുപോലെയാണ് എടുക്കുന്നത് എന്നതുകൊണ്ട് ഇപ്പോൾ ഞാൻ ഒന്നിനും പോകാറില്ല. വണ്ടിയുടെ വിലയോ സ്റ്റാറ്റസോ അല്ല സുരക്ഷിതത്വമാണ് നമ്മൾ ചർച്ച ചെയ്യുന്നത് എന്ന് കേൾക്കുന്നവർക്ക് പലപ്പോളും പിടികിട്ടില്ല. ഒറ്റയടിക്ക് അവരുടെ ഈഗോ ഹർട്ടാവും. തീർത്ഥയാത്രയ്ക്കാണല്ലോ പോകുന്നത്, ഒരപകടവും സംഭവിക്കാതെ ഈശ്വരൻ നോക്കിക്കോളും എന്ന് വാദിക്കുന്നവരുമുണ്ട്. പക്ഷെ നമ്മൾ കാണിക്കുന്ന മണ്ടത്തരത്തിനൊക്കെ കുടപിടിക്കലല്ല ദൈവത്തിന്റെ പണി എന്ന് ഇവർ ഓർക്കുകയുമില്ല

എല്ലാ വണ്ടികളും ദീർഘ ദൂര യാത്രകൾക്ക് പറ്റിയതല്ല എന്നത് സ്വയം അംഗീകരിക്കുക. ഒരു വാശിക്ക് അങ്ങനെയല്ല എന്ന് തെളിയിക്കാൻ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടാൽ നഷ്ടം നിങ്ങൾക്ക് തന്നെയാണ്. ഒറ്റയടിക്ക് തട്ടിപ്പോയാൽ സാരമില്ല, അതുപോലല്ല മാരകമായ അംഗഭംഗങ്ങൾ പറ്റി ജീവിതകാലം മുഴുവൻ നരകിക്കുന്നത്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

വാൽക്കഷ്ണം:

ഇതേ ഓമ്നി വാൻ തന്നെ ആംബുലൻസ് ആയും ഉപയോഗിക്കുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അതും നല്ല വേഗതയിലാണ് രോഗിയെയും കൊണ്ട് ഓംനി ആംബുലൻസുകൾ ചീറിപ്പായുന്നത്. ഒരു കുലുക്കവും പറ്റരുതാത്ത ഒരു രോഗിയാണെങ്കിൽ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് തന്നെ അയാളുടെ കാര്യത്തിൽ ഒരു തീരുമാനമാകും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സുരക്ഷയില്ലാത്ത വാഹനത്തിൽ തീർത്ഥയാത്രയ്ക്ക് പോകുമ്പോൾ രക്ഷിക്കാൻ കുട പിടിക്കലല്ല ദൈവത്തിന്‍റെ പണി'