സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് വിഴിഞ്ഞത്തെ കല്ലിൽ ചുട്ട മീൻ. തിരുവനന്തപുരത്തിൻ്റെ ഫുഡ് ഹബ്ബ് ആയി മാറുന്ന വിഴിഞ്ഞത്തെ വളരെ പ്രധാനപ്പെട്ട ഒരു വിഭവം തന്നെയാണ് മീൻ. പല വെറൈറ്റികളിൽ മീൻ ലഭിക്കുമെങ്കിലും കല്ലിൽ ചുട്ട വിഴിഞ്ഞത്തെ മീനിന് വൻ ഡിമാൻഡ് ആണ്.
വിഴിഞ്ഞത്തെ കല്ലിൽ ചുട്ട മീൻ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ പ്രവർത്തനങ്ങൾ സജീവമായതിനുശേഷം ആണ് ഇവിടെ കൂടുതൽ തിരക്കേറുന്നത്. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയാണ് വിഴിഞ്ഞത്ത് ഫുഡ് ആസ്വദിക്കാൻ എത്തുന്നവരുടെ തിരക്ക്. നൂറോളം ഹോട്ടലുകളാണ് വിഴിഞ്ഞത്ത് മാത്രമുള്ളത്. മതിപ്പുറം കടൽത്തീരത്താണ് കൂടുതൽ ഹോട്ടലുകൾ ഉള്ളത്.
advertisement
കല്ലിൽ ചുട്ട മീൻ ഉൾപ്പെടെയുള്ള മീൻ വിഭവങ്ങൾക്ക് 120 മുതൽ 1800 രൂപ വരെയാണ് ഈടാക്കുന്നത്. സീസൺ അനുസരിച്ച് മീനിൻ്റെ വിലയിൽ പിന്നെയും മാറ്റങ്ങൾ ഉണ്ടാകും. കൊഞ്ച് മുതൽ കല്ലുമേൽകായ വരെ ചുട്ടു നൽകുന്ന കടകൾ ഇപ്പോൾ വിഴിഞ്ഞത്ത് ഉണ്ട്.
കല്ലിൽ ചുട്ട മീൻ പോലെ തന്നെ ട്രെൻഡിങ് ആണ് വിഴിഞ്ഞത്തെ സ്പെഷ്യൽ ചിക്കനും. അതിനാൽ തന്നെ ചിക്കൻ വിൽക്കുന്ന കടകളും വിഴിഞ്ഞത്ത് ധാരാളമുണ്ട്. ഉസ്താദ് ഹോട്ടൽ എന്ന സിനിമയ്ക്ക് ശേഷം അതേ പേരിൽ വിഴിഞ്ഞത്ത് സജീവമായ ഉസ്താദ് ഹോട്ടൽ ആണ് വിഭവങ്ങൾക്ക് ഒരുപാട് ആളുകൾ തിരഞ്ഞെത്തുന്ന കടകളിൽ ഒന്ന്.