ഇക്കഴിഞ്ഞ ഓണം വാരാഘോഷത്തിൻ്റെ ഘോഷയാത്ര ഉൾപ്പടെയുള്ളവ അവസാനിച്ചതിൻ്റെ തൊട്ടു അടുത്ത നിമിഷം മുതൽ തന്നെ മന്ത്രിമാരായ മുഹമ്മദ് റിയാസ് എം ബി രാജേഷ്, തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കനകക്കുന്ന് ഘോഷയാത്ര കടന്നുപോയ വീഥിയും വൃത്തിയാക്കാൻ ആരംഭിച്ചു. ഘോഷയാത്രയും ഓണാഘോഷവും ഒക്കെ കണ്ട് ആളുകൾ പൂർണമായും മടങ്ങുന്നതിന് മുൻപാണ് മന്ത്രിമാരും മേയറും കൂടി മുന്നിട്ടിറങ്ങി റോഡും പരിസരവും വൃത്തിയാക്കി തുടങ്ങിയത്. കണ്ടു നിന്നവർക്കെല്ലാം അത്ഭുതമായിരുന്നു ആദ്യം. പിന്നീട് നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കൽ ഏറ്റെടുക്കുകയും നിമിഷങ്ങൾക്കകം തന്നെ നഗരവും പരിസരവും പഴയ സ്ഥിതിയിലേക്ക് എത്തുകയും ചെയ്തു.
advertisement
ഇത് ആദ്യമായല്ല ആഘോഷങ്ങൾക്ക് പിന്നാലെ തിരുവനന്തപുരം നഗരം വേഗത്തിൽ വൃത്തി കൈവരിക്കുന്നത്. ആറ്റുകാൽ പൊങ്കാലയുടെ തൊട്ടു പിന്നീടുള്ള നിമിഷങ്ങളിലും നാം ഇക്കാര്യം കണ്ടത് തന്നെയാണ്. മന്ത്രിമാരുടെയും മേയറുടെയും ഈ ഉദ്യമം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാണ്. ആഘോഷങ്ങൾക്ക് അപ്പുറം അഴുക്കുപിടിച്ച നഗരത്തെ കാണുന്നതിനേക്കാൾ എത്രയോ മനോഹരമാണ് അതിനെ പഴയ സ്ഥിതിയിൽ വീണ്ടും കാണാനാവുക. എന്തായാലും ജനപ്രതിനിധികളുടെ ഈ ഉദ്യമം കയ്യടി നേടുകയാണ്.