തെക്കൻ തിരുവിതാംകൂറിലെ തെക്കതുകളിൽ കലമാൻ കൊമ്പു വച്ചുള്ള ആരാധന വളരെ പ്രബലമായുണ്ട്. ഇന്ന് ചില ദേവീക്ഷേത്രങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകളിലൂടെയാണ് ഇലങ്കങ്ങൾ അറിയപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലെ ഏകദേശം 500 വർഷത്തിലേറെ പഴക്കമുള്ള പുരാതന ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ നടുതല ഭഗവതി ക്ഷേത്രം.
ആണ്ടുതോറും മീനമാസത്തിൽ 8 ദിവസങ്ങളിലായി ആഘോഷിക്കുന്ന ഭഗവതിയുടെ കളമെഴുത്തും പാട്ടും ചിത്തിര മഹോത്സവവും പൂജപ്പുരദേശത്തെ ദേശീയോത്സവമാണ്. ഉത്സവത്തിനോടനുബന്ധിച്ചുള്ള പൊങ്കാലസമർപ്പണത്തിനും അഗ്നിക്കാവടിക്കും ധാരാളം ഭക്തർ പങ്കെടുക്കുന്നു.
ക്ഷേത്രത്തിലെ രണ്ടാമത് സഹസ്രകലശ പൂജയും സഹസ്രകലശാഭിഷേകവും തുലാമാസത്തിൽ മൂന്ന് ദിവസങ്ങളിലായി നടത്തുകയുണ്ടായി. 1001 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന ഒരു വിശേഷാൽ പൂജയാണ് സഹസ്രകലശ പൂജ. ഇത് പ്രധാനമായും ക്ഷേത്രങ്ങളിൽ ദേവന്മാർക്ക് വിശേഷാൽ അഭിഷേകം ചെയ്യാനും അനുഗ്രഹം നേടാനും നടത്താറുണ്ട്. 1001 കലശങ്ങളിൽ വിവിധതരം അഭിഷേക ദ്രവ്യങ്ങൾ നിറച്ച്, ക്ഷേത്രതത്വങ്ങളുമായി ബന്ധപ്പെട്ട മന്ത്രങ്ങൾ ജപിച്ച്, കലശാഭിഷേകം നടത്തുന്നു. ഈ പൂജ വഴി ഐശ്വര്യവും, സമൃദ്ധിയും, ആഗ്രഹസാഫല്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.
advertisement
ഉത്സവത്തിനോടനുബന്ധിച്ചുള്ള മറ്റൊരു പ്രധാന ചടങ്ങാണ് ഭഗവതിക്ക് ഇളനീരാട്ടം. കരിക്കിൻ വെള്ളം കൊണ്ട് ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഭഗവതിക്ക് അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്. എല്ലാ വിശേഷദിവസങ്ങളും ക്ഷേത്രത്തിൽ വിപുലമായി ആഘോഷിക്കുന്നു. ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞം, വിനായക ചതുർത്ഥി, പൂജവയ്പ്പ്, വിദ്യാരംഭം, ആയില്യംപൂജ, മണ്ഡലകാലം, രാമായണമാസം, തൃക്കാർത്തിക, എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങൾ.