തിരുവനന്തപുരം ജില്ലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്റർ അകലയും ഐ ടി നഗരമായ കഴക്കൂട്ടത്തിൽ നിന്ന് 4 കിലോമീറ്റർ അകലയും ആണ് സെൻ്റ് ആൻഡ്രൂസ് ബീച്ച്. കൃത്യമായി പറഞ്ഞാൽ മേനംകുളത്തിനടുത്താണ് അധികമാരും എത്തിപ്പെടാത്ത ഈ കടൽത്തീരമുള്ളത്. പണ്ട് ഈ പ്രദേശം പോർച്ചുഗീസുകാരുടെ വാസസ്ഥലമായാണ് പറയപ്പെടുന്നത്. അതിമനോഹരമായ ധാരാളം ദേവാലയങ്ങളും ഇവിടെയുണ്ട്. 1918ൽ വന്ന സെൻ്റ് ആൻഡ്രൂസ് പാരിഷ് ചർച്ച് ബീച്ചിന് സമീപം സ്ഥിതി ചെയ്യുന്നു. സെൻ്റ് ഇഗ്നേഷ്യസ് പള്ളിയും ബീച്ചിന് അടുത്തുണ്ട്. ഒപ്പം തന്നെ കടൽത്തീരത്തിൻ്റെ സൗന്ദര്യം കൂടിയാകുമ്പോൾ മനോഹരമായ വൈകുന്നേരങ്ങൾ ഇവിടെ ചെലവഴിക്കാൻ കൂടുതൽ ആളുകൾ എത്തും.
advertisement
സെൻ്റ് ഇഗ്നേഷ്യസ് പള്ളി
ഈ ബീച്ചിൻ്റെ മറ്റൊരു പ്രത്യേകത എന്നത് ഇവിടെ എത്തുന്നവർ ഏറെയും കഴക്കൂട്ടം ഉൾപ്പെടെയുള്ള ഐ ടി നഗരരത്തിലുള്ള ടെക്കികളാണ്. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ കടലിൽ നിന്നുള്ള റീലുകൾ സജീവമായതോടെ കൂടുതൽ ആളുകൾ ഇവിടെ അന്വേഷിച്ചെത്താനും തുടങ്ങിയിട്ടുണ്ട്. പൊതുവേ അധികമാളുകൾ എത്താത്ത ഇടം ആയതിനാൽ സ്വസ്ഥവും ശാന്തവുമായ വൈകുന്നേരം ആസ്വദിക്കാൻ എത്തുന്നവരാണ് കൂടുതലും.