കഴിഞ്ഞ 5 വര്‍ഷത്തിനിടെ 22 ആരോഗ്യ കേന്ദ്രങ്ങള്‍ പുതുതായി ആരംഭിച്ചതും നവീകരണം നടത്തിയ 31 ആരോഗ്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 78 ആരോഗ്യ കേന്ദ്രങ്ങള്‍ ഇന്ന് തിരുവനന്തപുരം നഗരപരിധിയില്‍ തികച്ചും സൗജന്യമായി പൊതുജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിലേയ്ക്കായി കൃത്യമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ആരോഗ്യ രംഗത്ത് തനതായ ഒരു മാതൃക സൃഷ്ടിച്ചുകൊണ്ട് എല്ലാ വാര്‍ഡിലും ഒരു ആരോഗ്യ കേന്ദ്രം എന്ന ലക്ഷ്യത്തിലേക്കാണ് നഗരസഭ മുന്നേറിക്കൊണ്ടിരിക്കുന്നത്.
13 പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളിലായി 5801 രോഗികളെ നഗരസഭ സൗജന്യമായി പരിപാലിച്ചുവരുന്നു. കരള്‍ രോഗം, ക്യാന്‍സര്‍, കിഡ്നി രോഗം, അവയവ മാറ്റം, ഹൃദ്രോഗം എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ക്ക് സൗജന്യമായി അനന്തപുരി മെഡിക്കല്‍സ് മുഖേന മരുന്ന് അനുവദിക്കുന്നുണ്ട്. ഓരോ രോഗിക്കും മാസത്തില്‍ 4 ഡയാലിസിസ് എന്ന നിരക്കില്‍ 187 രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നഗരസഭ നല്‍കിവരുന്നു.
advertisement
ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, സൗജന്യ മരുന്ന് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പ് സാമ്പത്തികവര്‍ഷം 75 കോടി രൂപയുടെ പദ്ധതികളാണ് തിരുവനന്തപുരം നഗരസഭ നടപ്പിലാക്കി വരുന്നത്. രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സൗജന്യ ഭക്ഷണവിതരണത്തിനായി 3 കോടി രൂപ അനുവദിച്ചിരുന്നു.
രാജ്യത്ത് ആദ്യമായി സുസ്ഥിര വികസനത്തിനുള്ള UN Habitat പുരസ്‍കാരവും, കേരളത്തിലെ ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫിയും തിരുവനന്തപുരം നഗരസഭ നേടിയിരുന്നു.