നിലവിൽ 24 തദ്ദേശസ്ഥാപനങ്ങൾ അതിദാരിദ്ര്യമുക്തമായിട്ടുണ്ട്. അവശേഷിക്കുന്നവയെ ഉടൻ പ്രഖ്യാപിക്കും. ഒക്ടോബർ മാസത്തിൽ സമ്പൂർണമായും അതിദരിദ്രരില്ലാത്ത ജില്ലയായി തിരുവനന്തപുരം മാറും. മൈക്രോപ്ലാൻ പ്രകാരം ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയ 6250 കുടുംബങ്ങളിൽ 5929 കുടുംബങ്ങളെ അതിദാരിദ്ര്യമുക്തമാക്കി.
പട്ടികയിൽ ഷെൽട്ടർ ഘടകം മാത്രം ആവശ്യമുള്ള 1219 കുടുംബങ്ങളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഇതിൽ വീട് മാത്രം ആവശ്യമുണ്ടായിരുന്ന 332 കുടുംബങ്ങൾക്കും വീട് ഉറപ്പാക്കി. ഭവന പുനരുദ്ധാരണം ആവശ്യമുണ്ടായിരുന്ന 505 കുടുംബങ്ങൾക്ക് അതും പുരോഗമിക്കുകയാണ്. അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാവാൻ വസ്തുവും വീടും ആവശ്യമുള്ളതായി ജില്ലയിൽ കണ്ടെത്തിയ 284 കുടുംബങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾ മുഖേനയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മുഖേനയും ഭൂമി ലഭ്യമാക്കി ഭവന നിർമ്മാണം പുരോഗമിക്കുകയാണ്.
advertisement
അവശേഷിക്കുന്ന കുടുംബങ്ങൾക്ക് റവന്യൂ ഭൂമിയിൽ പട്ടയവും നൽകുന്നുണ്ട്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. ഈ കുടുംബങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണം, മരുന്നുകൾ, സാന്ത്വന ചികിത്സ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള സേവനങ്ങൾ ലഭ്യമാക്കി.
ജില്ലയിൽ 2658 കുടുംബങ്ങൾക്ക് ഭക്ഷണം, 2891 കുടുംബങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ, 343 കുടുംബങ്ങൾക്ക് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതി മുഖേനയും സേവനം നൽകിയിട്ടുണ്ട്. അടിസ്ഥാന രേഖകളില്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങി 13ൽപ്പരം രേഖകൾ ഉറപ്പാക്കിയിട്ടുണ്ട്. അതിദരിദ്ര കുടുംബങ്ങളിലെ പത്താം ക്ലാസ് വിജയിച്ച കുട്ടികൾക്ക് വീടിനടുത്ത് തന്നെ തുടർപഠനത്തിന് അവസരം നൽകുകയും കുട്ടികൾക്ക് സൗജന്യ ബസ് പാസ്, പഠനോപകരണങ്ങൾ എന്നിവ തദ്ദേശ സ്ഥാപനങ്ങൾ വഴി നൽകുകയും ചെയ്യുന്നുണ്ട്.