കേന്ദ്ര സർക്കാരിൻ്റെ ‘ഒരു ജില്ല ഒരു ഉത്പന്നം’ (One District One Product - ODOP) എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് ടെക്നോപാർക്കിൻ്റെ നാലാം ഘട്ടത്തിൽ ഒരുങ്ങുന്നത് ഒരു സാധാരണ ഷോപ്പിങ് മാളല്ല, മറിച്ച് പ്രാദേശിക ഉൽപ്പന്നങ്ങൾക്കും കരകൗശല വസ്തുക്കൾക്കും പുതിയൊരു വിപണി തുറന്നുനൽകുന്ന യൂണിറ്റി മാൾ എന്ന ആശയമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഈ മാളുകൾ പ്രാദേശിക വ്യവസായങ്ങളെയും പരമ്പരാഗത ഉൽപ്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു. തിരുവനന്തപുരത്ത് ഏകദേശം 120 കോടി രൂപ ചെലവിൽ 2.5 ഏക്കറിലാണ് ഈ മാൾ നിർമ്മിക്കുന്നത്. ഈ പദ്ധതിക്ക് ആവശ്യമായ ഫണ്ട് കേന്ദ്ര സർക്കാരിൻ്റെ പ്രത്യേക സാമ്പത്തിക സഹായ പദ്ധതിക്ക് കീഴിൽ 50 വർഷത്തെ പലിശരഹിത വായ്പയായി ലഭിക്കും.
advertisement
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള തനതായ ഉൽപ്പന്നങ്ങൾ ഇവിടെ പ്രദർശിപ്പിക്കാനും വിൽക്കാനും സാധിക്കും. അതോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ പ്രശസ്തമായ ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാകും. കസവ് സാരികൾ, ആറന്മുള കണ്ണാടി, സ്വർണ്ണാഭരണങ്ങൾ, കയർ ഉൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കൈത്തറി വസ്ത്രങ്ങൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകും. സാധാരണ ഒരു മാളിൻ്റെ സൗകര്യങ്ങൾക്കപ്പുറം, യൂണിറ്റി മാളിൽ എക്സിബിഷൻ ഏരിയ, കോൺഫറൻസ് റൂമുകൾ, ആംഫി തിയേറ്റർ, വലിയ ഓഡിറ്റോറിയം, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗുജറാത്തിലെ 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'ക്ക് സമീപമുള്ള ഏകതാ മാളിൻ്റെ മാതൃകയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. യൂണിറ്റി മാൾ ഒരു വാണിജ്യ കേന്ദ്രം എന്നതിലുപരി, നമ്മുടെ സാംസ്കാരിക വൈവിധ്യത്തെയും കരകൗശല പാരമ്പര്യത്തെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ഒരു വേദിയായിരിക്കും. ഇത് കേരളത്തിൻ്റെ ഉൽപ്പന്നങ്ങൾക്ക് ദേശീയതലത്തിലും അന്തർദേശീയതലത്തിലും പുതിയ അവസരങ്ങൾ തുറന്നു നൽകും.