കേരളത്തിലെ മറ്റു തീരദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി, അറബിക്കടലിനോട് ചേർന്നാണ് വർക്കലയിൽ ഈ ചെങ്കൽ കുന്നുകൾ രൂപപ്പെട്ടിട്ടുള്ളത്. ദശലക്ഷക്കണക്കിന് വർഷങ്ങളുടെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളിലൂടെയാണ് ഈ കുന്നുകൾക്ക് രൂപം കൊണ്ടത്. സെനോസോയിക് കാലഘട്ടത്തിലെ അവസാദ ശിലകളുടെ അപൂർവ ശേഖരം ഇവിടെ കാണാം.
ഈ പ്രദേശത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) ഈ കുന്നുകളെ ഒരു ദേശീയ ഭൗമശാസ്ത്ര സ്മാരകമായി (National Geological Monument) പ്രഖ്യാപിച്ചിട്ടുണ്ട്. വർക്കലയുടെ പ്രാധാന്യം അതിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിൽ മാത്രം ഒതുങ്ങുന്നില്ല.
advertisement
ഈ കുന്നുകളിൽ നിന്ന് താഴേക്ക് ഒഴുകുന്ന ശുദ്ധജല ഉറവകൾ, പാപനാശം എന്നറിയപ്പെടുന്ന പുണ്യതീരം, കൂടാതെ പുരാതനമായ ജനാർദ്ദനസ്വാമി ക്ഷേത്രം എന്നിവ വർക്കലയുടെ സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം വർധിപ്പിക്കുന്നു. ഭൂമിശാസ്ത്രപരമായ ഈ സവിശേഷതകളോടൊപ്പം സാംസ്കാരികവും ആത്മീയവുമായ പൈതൃകം കൂടി കണക്കിലെടുത്താണ് വർക്കലയെ യുനെസ്കോയുടെ കരട് പട്ടികയിൽ ഉൾപ്പെടുത്തിയത്.