വോട്ടെണ്ണലിന്‍റെ എല്ലാ ഘട്ടത്തിലും ചെറിയ ലീഡ് നിലനിര്‍ത്താനായെങ്കിലും നെഞ്ചിടിപ്പോടെയാണ് കോണ്‍ഗ്രസുകാര്‍ എറണാകുളം വോട്ടെണ്ണല്‍ വീക്ഷിച്ചത്. കുത്തക മണ്ഡലത്തില്‍ കഴിഞ്ഞതവണ ഹൈബി 21,949 വോട്ടും ലോകസഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് നിന്ന് 31,178 വോട്ടും നേടിയിടത്താണ് ടി.ജെ വിനോദ് കഷ്ടിച്ച് കടന്ന് കൂടിയത്. അതും അപരനായ കെ.എം മനുവിന്‍റെ ആനുകൂല്യത്തില്‍. ടി.ജെ വിനോദ് 3750 വോട്ടിന് ജയിച്ചപ്പോള്‍ കെ.എം മനു എന്ന അപരന് ലഭിച്ചത് 2572 വോട്ടാണ്.
അതായത് ഇടതുസ്വതന്ത്രനായ മനു റോയിക്ക് ലഭിക്കേണ്ട വോട്ട് അപരന് ലഭിച്ചു. ഈ വോട്ട് കൂടി മനു റോയിക്ക് ലഭിച്ചിരുന്നുവെങ്കില്‍ ഫലം മറിച്ചായേനെ. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ കെ എം റോയിയുടെ മകനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെങ്കിലും അപരന്‍റെ ഇന്‍ഷ്യലും കെ.എം ആയതും മനു റോയിക്ക് വിനയായി.
advertisement
സാക്ഷരതയില്‍ മികച്ച് നില്‍കുന്ന എറണാകുളം പട്ടണത്തിലെ വോട്ടര്‍മാര്‍ നോട്ടയ്ക്ക് 1309 വോട്ട് ചെയ്തതും ശ്രദ്ധേയമാണ്. ബിജെപിക്ക് ആകട്ടെ കഴിഞ്ഞ തവണത്തേക്കാള്‍ 1600 വോട്ട് കുറയുകയും ചെയ്തു. തെരഞ്ഞെടുപ്പ് ദിവസം പെയ്ത മഴ പോളിംഗ് ശതമാനം കുറച്ചതും വെള്ളക്കെട്ടില്‍ ജനം നട്ടംതിരഞ്ഞതും യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിരുന്നു.
കോട്ടയായ ചേരാനെല്ലൂര്‍ പഞ്ചായത്തിലും കാര്യമായ മുന്നേറ്റം കാഴ്ചവെക്കാൻ യുഡിഎഫിനായില്ല. മനു റോയി ഉയര്‍ത്തിയ വെല്ലുവിളിയില്‍ എറണാകുളം ബാലികേറാമലയല്ലെന്ന തിരിച്ചറിവോടെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ അര്‍പ്പിച്ച് എല്‍ഡിഎഫും ശക്തമായ സ്വാധീനം തിരിച്ചു പിടിക്കാന്‍ ഒരുങ്ങുകയാണ് യുഡിഎഫും. ഇതിന് കോര്‍പ്പറേഷനിലെ അഴിച്ചു പണിയാണ് കോണ്‍ഗ്രസ് കാണുന്ന ഒറ്റമൂലി.