കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എസിയുടെ പ്രവർത്തനം നിലച്ചതോടെ പുറത്തുവന്ന വിഷവാതകമായ കാർബൺ മോണോക്സൈഡാകാം മരണത്തിന് ഇടയാക്കിയത്. ഇക്കാര്യത്തിൽ പൂർണമായ സ്ഥിരീകരണം വന്നിട്ടില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയുവാൻ സാധിക്കുകയുള്ളൂവെന്നും ഡിവൈഎസ്പി പറഞ്ഞു. കാരവാൻ ഉടമയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും മരണം സംബന്ധിച്ച് അദ്ദേഹത്തിന് ഒന്നുമറിയില്ലെന്നും ഡിവെെഎസ്‌പി കൂട്ടിച്ചേർത്തു.
മലപ്പുറം സ്വദേശി മനോജ് (49), കാസർകോട് സ്വദേശി ജോയൽ(29) എന്നിവരെയാണ് മരിച്ച നിലയിൽ ഇന്നലെ രാത്രി കണ്ടെത്തിയത്. കാരവാന്റെ പുറകിൽ പുതച്ച നിലയിലാണ് ജോയലിന്റെ മൃതദേഹം കണ്ടെത്തിയത്. കാരവാനിൽ വാതിലിനോട് ചേർന്നായിരുന്നു മനോജിന്റെ മൃതദേഹം കിടന്നത്. ഇയാളുടെ കയ്യിൽ വണ്ടിയുടെ താക്കോലും ഉണ്ടായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ സംശയം.
advertisement
പൊന്നാനിയിൽ കാരവാൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. കാരവാൻ എരമംഗലം സ്വദേശിയുടേതാണ്. വാഹനം ഏറെ നേരമായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് സംഭവം വിവരം പൊലീസിൽ അറിയിച്ചത്. തലശ്ശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.