ഈരാറ്റുപേട്ട തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർത്ഥി പാമ്പാടി പനയ്ക്കലിൽ ക്രിസ്പിൻ എസ്. മാത്യു (19) മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊപ്പം അരുവിയിലെത്തി കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കരയ്ക്കെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി പുഴയില്‍ വൈകിട്ടോടെ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളും മരിച്ചു. കളമശ്ശേരി ഐടിഐയിലെ വിദ്യാർത്ഥികളായ എല്‍ദോ തോമസ്, അബ്ദുള്‍ സലാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
advertisement
കഴിഞ്ഞ വേനലവധിക്കാലത്തും ഓണാവധിക്കും നിരവധി മുങ്ങിമരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. സ്കൂൾ- കോളജ് വിദ്യാർത്ഥികളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. റോഡപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം പേർ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്. ഓരോ വർഷവും ആയിരത്തി ഇരുന്നൂറിലധികംപേർ മുങ്ങിമരിക്കുന്നുവെന്നാണ് കണക്കുകൾ.
സംസ്ഥാനത്ത് 2014ൽ 1508 പേർ മുങ്ങിമരിച്ചുവെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ. മുങ്ങിമരണം ഒഴിവാക്കുന്നതിന് നിർദേശങ്ങളും അതോറിറ്റി മുന്നോട്ടുവച്ചിരുന്നു. കുളം, പുഴ, പാറമട, കടൽ എന്നിവിടങ്ങളിൽ നീന്തുമ്പോൾ സാഹസം ഒഴിവാക്കണമെന്നും നീന്തൽ അറിയില്ലെങ്കിൽ പുഴ, കായൽ, കടൽ എന്നിവിടങ്ങളിൽ ഇറങ്ങരുതെന്നും നിർദേശിച്ചിരുന്നു. സ്കൂൾ കുട്ടികൾക്ക് ബോധവത്കരണം നൽകണമെന്ന നിർദേശങ്ങളും പാലിക്കപ്പെട്ടില്ല.
മതിയായ സുരക്ഷാ സൗകര്യമില്ലാതെയും അശ്രദ്ധയോടെയും വെള്ളത്തിലിറങ്ങുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണം. രക്ഷിക്കാനായി എടുത്തു ചാടുന്നതും അപകടമാണെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. വെള്ളത്തിൽവീണയാളെ കൈ കൊടുത്ത് രക്ഷിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. ഇതു സാധ്യമല്ലെങ്കില്‍ രക്ഷയ്‌ക്കുതകുന്ന സാമഗ്രികള്‍ എറിഞ്ഞുകൊടുക്കുകയോ വള്ളത്തിലോ തോണിയിലോ തുഴഞ്ഞു ചെല്ലുകയോ ചെയ്യുക. നീന്തിച്ചെന്ന് രക്ഷിക്കുന്നത് നാലാമത്തെ മാര്‍ഗം.
അപകടത്തില്‍പെട്ട വ്യക്തിയെ വെള്ളത്തില്‍ നിന്നെടുത്ത ശേഷം സുരക്ഷിത സ്ഥലത്ത് കിടത്തണം. തല ചെരിച്ചു കിടത്തിയ ശേഷം വായിലോ മൂക്കിലോ തടസം ഉണ്ടെങ്കില്‍ അത് ആദ്യം നീക്കം ചെയ്യണം. വയറ്റില്‍ വെള്ളമുണ്ടെങ്കിലും ബലം പ്രയോഗിച്ച് പുറത്തെത്തിക്കാന്‍ ശ്രമിക്കാതിരിക്കുക. അബോധാവസ്ഥയിലാണെങ്കില്‍ ഹൃദയസ്‌പന്ദനം വീണ്ടെടുക്കാനും ശ്വസനം പുനരുജ്‌ജീവിപ്പിക്കാനും ശ്രമിക്കണം. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും വേണം- അതോറ്റി നിർദേശങ്ങളിൽ പറയുന്നു.
